തിരുവനന്തപുരം: കേരള സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ വീണ്ടും ആർ.എസ്.എസ് വേദിയിലെത്തിയത് ചർച്ചയാകുന്നു. മണിവിളയിൽ സംഘടിപ്പിച്ച 'സങ്കൽപ് 2026 യുവ സംഗമം' എന്ന പരിപാടിയിലാണ് വി.സി പങ്കെടുത്തത്. ചടങ്ങിൽ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ തിരിതെളിയിച്ച അദ്ദേഹം, അമ്മയെ അറിയുന്നവർ വന്ദേമാതരം ആലപിക്കുമെന്നും സ്വന്തം അമ്മ ആരാണെന്ന് അറിയാത്തവരാണ് അതിനെ എതിർക്കുന്നതെന്നുമുള്ള വിവാദ പ്രസ്താവനയും നടത്തി.
വികസിത ഭാരതം രൂപപ്പെടുത്തുന്നതിനായി കുഞ്ഞുങ്ങളെ കുടുംബങ്ങളെയാണ് രാജ്യം ഏൽപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി. കുട്ടികളെ രാജ്യത്തിന്റെ മികച്ച പൗരന്മാരായി വളർത്തിയെടുക്കാനുള്ള കടമ ഓരോ ഗൃഹനാഥനും ഗൃഹനാഥയ്ക്കുമുണ്ട്. ഇതിൽ ഏറ്റവും വലിയ പങ്കുവഹിക്കേണ്ടത് അമ്മമാരാണ്. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഈ രാജ്യം അമ്മയാണ്, അതുകൊണ്ടാണ് നാം ഭാരതാംബ എന്ന് സംബോധന ചെയ്യുന്നത്. രാജ്യം അമ്മയായതുകൊണ്ടാണ് നാം വന്ദേമാതരം പാടുന്നത്. എന്നാൽ സ്വന്തം അമ്മ ആരാണെന്ന് തിരിച്ചറിവില്ലാത്തവരാണ് വന്ദേമാതരം ചൊല്ലുന്നതിനെ എതിർക്കുന്നത്. അമ്മയെ അറിയുന്നവർ എപ്പോഴും വന്ദേമാതരം എന്ന് തന്നെ ഉറക്കെ പറയും, അങ്ങനെ തന്നെയാണ് പറയേണ്ടതും. എതിർക്കുന്നവരുടെ ചിന്താഗതികളിൽ മാറ്റം വരും; ആളുകൾ മാറിക്കൊണ്ടിരിക്കുകയാണെന്നും ആ മാറ്റം നമ്മുടെ നാടും ഉൾക്കൊള്ളുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്തിനെയാണ് ഭയപ്പെടേണ്ടതെന്ന് കുട്ടികൾ തന്നെയാണ് തീരുമാനിക്കേണ്ടത്. നിങ്ങൾക്ക് എത്രത്തോളം വിദ്യ അഭ്യസിക്കണമോ അതിനുള്ള എല്ലാവിധ പിന്തുണയും സൗകര്യങ്ങളും നൽകി ഈ രാജ്യം കൂടെയുണ്ടാകുമെന്നും, ഇഷ്ടമുള്ളത് എന്തും ധൈര്യമായി പഠിക്കാൻ തയ്യാറാകണമെന്നും മോഹനൻ കുന്നുമ്മൽ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.





