തമിഴ്‌നാട്ടിൽ വെച്ച് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ലഭിച്ച അവിസ്മരണീയമായ ആരാധക സ്നേഹം വ്യക്തമാക്കിക്കൊണ്ട് നിർമ്മാതാവ് ആന്റോ ജോസഫ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ കാരൈക്കുടിയിലെ ലൊക്കേഷനിൽ നിന്നും സംഘത്തോടൊപ്പം മടങ്ങുന്ന വേളയിലുണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
തിരുപ്പത്തൂർ ഭാഗത്ത് ഹൈവേ ബ്ലോക്കായതിനെ തുടർന്ന് മമ്മൂട്ടിയും സംഘവും സഞ്ചരിച്ച വാഹനത്തിന് മുന്നോട്ട് പോകാനാവാത്ത വിധം യാത്രാതടസ്സം നേരിടുകയായിരുന്നു. ഗൂഗിൾ മാപ്പ് പരിശോധിച്ചിട്ടും കൃത്യമായ വഴി കണ്ടെത്താനാവാതെ വന്നതോടെ തിരികെ മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് രക്ഷകനായി ഒരു യുവാവ് മുന്നിലെത്തുന്നത്. വാഹനത്തിനുള്ളിലുള്ളത് മമ്മൂട്ടിയാണെന്ന് തിരിച്ചറിഞ്ഞ പാണ്ഡ്യൻ എന്ന പ്രദേശവാസി ഉടൻ തന്നെ സഹായവുമായി മുന്നോട്ടുവരികയായിരുന്നു. തുടർന്ന് സ്വന്തം ബൈക്കിൽ മുന്നിൽ സഞ്ചരിച്ചുകൊണ്ട് ഏകദേശം 10 കിലോമീറ്ററോളം ദൂരം തങ്ങൾക്ക് ശരിയായ വഴി കാട്ടിത്തന്നുവെന്ന് ആന്റോ ജോസഫ് വീഡിയോ സഹിതം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.





