തൃശൂർ: വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ബി.ജെ.പി സംഘടിപ്പിച്ച സമാന്തര സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കെതിരെ പോലീസിൽ പരാതി നൽകി കൊച്ചിൻ ദേവസ്വം ബോർഡ്. ഹൈക്കോടതിയുടെ കർശന വിലക്ക് നിലനിൽക്കെ അനുമതിയില്ലാതെ മൈതാനത്ത് പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം അധികൃതർ പരാതി നൽകിയിരിക്കുന്നത്.
രാഷ്ട്രീയ പാർട്ടികളുടെയോ സംഘടനകളുടെയോ പരിപാടികൾക്ക് തേക്കിൻകാട് മൈതാനം വേദിയാക്കരുതെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ കോടതി നിർദ്ദേശം മറികടന്നുകൊണ്ട് ബി.ജെ.പി പ്രവർത്തകർ ക്ഷേത്ര മൈതാനിയിൽ പ്രവേശിച്ച് പരിപാടികളും പ്രതിഷേധവും സംഘടിപ്പിക്കുകയായിരുന്നു. തുടർന്നാണ് ചട്ടലംഘനത്തിനെതിരെ ദേവസ്വം ബോർഡ് നിയമനടപടിയുമായി മുന്നോട്ടുപോയത്.





