കണ്ണൂർ: കീഴൂർ കടപ്പുറത്ത് പേപ്പട്ടിയുടെ ആക്രമണത്തിൽ കുട്ടികളുൾപ്പെടെ ഏഴുപേർക്ക് പരിക്ക്. കാലിന് മുടന്തുള്ള നായയുടെ അക്രമത്തിനിരയായ നാല് മത്സ്യത്തൊഴിലാളികളെയും മൂന്ന് കുട്ടികളെയുമാണ് പരിക്കുകളോടെ കാസർഗോഡ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തെ തുടർന്ന് അക്രമകാരിയായ നായയെ പിടികൂടുന്നതിനായി പ്രദേശവാസികളായ യുവാക്കൾ സംഘടിച്ച് കീഴൂർ കടപ്പുറം ഹാർബറിന് സമീപം വ്യാപകമായ തിരച്ചിൽ നടത്തി. എന്നാൽ നായയെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ ഒരു യുവാവിന് കൂടി കടിയേറ്റു. അക്രമകാരിയായ നായ ഇപ്പോഴും സമീപപ്രദേശങ്ങളിൽ തന്നെ തങ്ങാൻ സാധ്യതയുള്ളതിനാൽ കുട്ടികളും നാട്ടുകാരും അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നായയെ സ്വയം പിടികൂടാൻ തുനിയാതെ വിവരം ഉടനടി ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നാണ് നിർദ്ദേശം. പ്രദേശവാസികളുടെ സുരക്ഷ മുൻനിർത്തി അധികൃതർ അടിയന്തരമായി ഇടപെട്ട് നായയെ പിടികൂടാനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.





