വന്ദേമാതരം എന്നത് കേവലമൊരു ഗാനം മാത്രമല്ലെന്നും, തങ്ങൾക്ക് അനിഷ്ടമുള്ളവരെ ഇല്ലാതാക്കാൻ സംഘപരിവാർ ഉപയോഗിക്കുന്ന രാഷ്ട്രീയ ആയുധമായി അത് മാറിയിരിക്കുകയാണെന്നും സി.പി.ഐ.എം നേതാവ് എം. സ്വരാജ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ വിമർശനം ഉന്നയിച്ചത്.
ക്രൂരമായി കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് വർഗീയവാദികൾ ഇഹ്‌സാൻ ജാഫ്രിയോട് കൽപ്പിച്ചത് വന്ദേമാതരം ചൊല്ലാനായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വൃദ്ധനായ ഇഹ്‌സാൻ ജാഫ്രി സ്വന്തം ജീവൻ ബലിനൽകി ചെറുത്തുനിന്ന അതേ വർഗീയ ശക്തികളുടെ തിട്ടൂരങ്ങൾക്ക് മുന്നിലാണ് കോൺഗ്രസ് ഇപ്പോൾ സാഷ്ടാംഗം പ്രണമിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മതനിരപേക്ഷ ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന വർഗീയവാദികളെപ്പോലെ തന്നെ ആട്ടിൻതോലണിഞ്ഞ വഞ്ചകരെയും കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്. വലതുപക്ഷ-വർഗീയ അവിശുദ്ധ കൂട്ടുകെട്ടുകളെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കുകയും അവരെ പൂർണ്ണമായി ഒറ്റപ്പെടുത്തുകയും ചെയ്തുകൊണ്ട് മാത്രമേ മതനിരപേക്ഷ ഇന്ത്യയുടെ നിലനിൽപ്പ് സാധ്യമാകൂ എന്നും എം. സ്വരാജ് ഫേസ്ബുക്കിൽ വ്യക്തമാക്കി.





