തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകളിൽ പുരുഷ യാത്രക്കാർക്ക് സീറോ ടിക്കറ്റ് അനുവദിക്കുന്നതായുള്ള പരാതികൾ തികഞ്ഞ ഗൗരവത്തോടെ പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. ആദ്യഘട്ടത്തിൽ ചിലർക്ക് അബദ്ധം സംഭവിച്ചതാണെന്ന് കരുതപ്പെട്ടെങ്കിലും, മനഃപൂർവ്വം ഇത്തരത്തിൽ പ്രവർത്തിക്കരുതെന്ന് ജീവനക്കാർക്ക് നേരത്തെതന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ആരും 'ഇരിക്കുന്ന കൊമ്പ് മുറിക്കരുത്' എന്ന് മന്ത്രി താക്കീത് നൽകി. കഴിഞ്ഞ ദിവസം പ്രിയദർശിനി ബസിൽ യാത്ര ചെയ്ത അഞ്ച് പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകി തുക കവർന്ന കണ്ടക്ടറെ പരിശോധനയ്ക്കിടെ ഇൻസ്‌പെക്ടർ കൈയോടെ പിടികൂടിയിരുന്നു.
ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലാണ് സർക്കാർ ഈ സൗകര്യം നൽകുന്നത് എന്നും അതിനിടയിൽ ചില ജീവനക്കാർ ഇത്തരം തെറ്റായ രീതികൾ കാണിക്കരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. പ്രിയദർശിനി ബസുകളിൽ ചിലയിടങ്ങളിൽ അനുഭവപ്പെടുന്ന അമിത തിരക്ക് പരിഹരിക്കുന്നതിനായി ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്ന് സി.പി. ജോൺ പറഞ്ഞു. വലിയ തിരക്കുള്ള സ്റ്റോപ്പുകളിൽ യാത്രക്കാർ ക്യൂ പാലിച്ചു കയറാൻ ശ്രമിക്കണമെന്നും, ഇത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി എം.ഡിക്ക് ആവശ്യമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും യാത്രക്കാർ ഇതിനോട് സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
കർക്കടകവാവ് ദിനത്തിൽ പ്രിയദർശിനി ബോർഡുകൾ മറച്ചുവെച്ച് സർവീസ് നടത്തിയെന്ന ആരോപണത്തോടും മന്ത്രി പ്രതികരിക്കുകയുണ്ടായി. സ്‌പെഷ്യൽ സർവീസുകൾ ആയാണ് അന്ന് ബസുകൾ ക്രമീകരിച്ചിരുന്നത്. കർക്കടകവാവ് ദിവസം കെ.എസ്.ആർ.ടി.സി വളരെ മികച്ച രീതിയിലാണ് സർവീസ് നടത്തിയത് എന്ന് മന്ത്രി പ്രശംസിച്ചു. കർക്കടകവാവിനോടനുബന്ധിച്ച് തിരുവല്ല പരശുരാമ ക്ഷേത്രത്തിലേക്ക് നടത്തിയ പ്രത്യേക സർവീസുകളിലാണ് പ്രിയദർശിനി സൗജന്യയാത്ര ബോർഡ് മറച്ചുവെച്ച് ബസുകൾ ഓടിച്ചിരുന്നത്.





