തിരുവനന്തപുരം: 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററും യൂത്ത് കോൺഗ്രസിന്റെ ബൂത്ത് ഭാരവാഹിയുമായ മുഹമ്മദ് ഹുസൈൻ പിടിയിലായ വിഷയത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് രംഗത്ത്. സതീശൻ സാറിന്റെ ആളുകളെ രമേശൻ സാറിന്റെ പൊലീസ് കാസർകോട്ടുനിന്ന് എം.ഡി.എം.എയുമായി പിടികൂടിയെന്നതാണ് ഏറ്റവും പുതിയ വിവരമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വി.കെ. സനോജ് കുറിച്ചു. രമേശൻ സാറിന്റെ തൂഫാൻ ദൗത്യം പരാജയപ്പെടുത്താൻ സതീശൻ സാർ നേരിട്ട് രംഗത്തിറക്കിയവരാണോ ഇവരെന്നും സനോജ് തന്റെ കുറിപ്പിലൂടെ ചോദ്യമുന്നയിച്ചു.
വി കെ സനോജിന്റെ കുറിപ്പിന്റെ പൂർണരൂപം :
സതീശൻ സാറിന്റെ ‘പിള്ളേരെ’ രമേശൻ സാറിന്റെ പോലീസ് കാസർഗോഡ് നിന്ന് എം.ഡി.എം.എയുമായി പിടികൂടിയെന്ന ലേറ്റസ്റ്റ് വാർത്ത...
പിടിയിലായവരിൽ ഒരാൾ സ്വന്തം സോഷ്യൽ മീഡിയ പ്രൊഫൈലിൽ ‘വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർ’ എന്ന് രേഖപ്പെടുത്തിയിരുന്നയാളാണത്രേ...!!
അതുമാത്രമല്ല…
‘ലീഡർ വി.ഡി. സതീശൻ’ എന്ന ഗ്രൂപ്പിന്റെ അഡ്മിനും, സതീശനെ പ്രമോട്ട് ചെയ്യുന്ന വീഡിയോകൾ സ്ഥിരമായി പങ്കുവെക്കുന്നയാളുമാണെന്ന വിവരങ്ങളും പുറത്തുവരുന്നു…!
ഇവർ ഒരുമിച്ചുള്ള വീഡിയോകളും പുറത്ത് വരുന്നുണ്ട്....
പിടിയിലായവരിൽ ഒരാൾ മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കുന്ന ചിത്രങ്ങൾ സ്വന്തം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്ന വിവരവും പുറത്തുവരുന്നു.
അറിയേണ്ടത് ചില കാര്യങ്ങളാണ്…
രമേശൻ സാറിന്റെ ‘തൂഫാൻ’ പൊളിക്കാൻ സതീശൻ സാർ ഇറക്കിവിട്ടവരാണോ ഇവരെ...?
രാഷ്ട്രീയ ബന്ധങ്ങൾക്കപ്പുറം ഇവർക്ക് നേരത്തേ തന്നെ ഇത്തരം ഇടപാടുകളുണ്ടായിരുന്നോ...?
ഇത്രയും അടുത്ത് പ്രവർത്തിച്ചിരുന്ന ഒരാളെക്കുറിച്ച് വി.ഡി. സതീശന് ഒന്നും അറിയില്ലായിരുന്നോ...?
പോലീസ് പിടികൂടുന്നതിന് മുമ്പ് തന്നെ രണ്ട് ജില്ലകളിൽ ലഹരി വിതരണം ഇവർ നടത്തിയെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
ഇത് വെറുമൊരു ലഹരിക്കേസ് മാത്രമായി അവസാനിക്കേണ്ട വിഷയമല്ല.
മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന ലഹരി മാഫിയാ സംഘത്തിൻ്റെ അടിവേരുകൾ പുറത്ത്കൊണ്ട് വരണം.





