കൊച്ചി: പിറവം പിറമാടം പള്ളിയിൽ വൈദികർ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾക്കെതിരെ രാമമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പുരോഹിതന്മാർ ഉൾപ്പെടെ ഇരുവിഭാഗങ്ങളിലുമായുള്ള 22 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. വഴി തടയുക, അസഭ്യം പറയുക, ദേഹോപദ്രവം ഏൽപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചേർത്തിട്ടുള്ളത്.
യാക്കോബായ സഭാ വികാരിയായ ഫാ. ലാൽമോൻ പട്ടരുമഠം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കോടതി നിർദ്ദേശപ്രകാരം പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് സഭാംഗങ്ങളെ ആക്രമിച്ചുവെന്നാണ് യാക്കോബായ വിഭാഗത്തിനെതിരെയുള്ള എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. അതേസമയം, പള്ളിക്കുള്ളിൽ അതിക്രമിച്ചു കയറിയെന്ന കുറ്റത്തിനാണ് ഓർത്തഡോക്സ് വിഭാഗത്തിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഫാ. എബിൻ എബ്രഹാം അടക്കമുള്ളവരാണ് ഈ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.





