കാസർകോട്: അറസ്റ്റിലായ പ്രവർത്തകരുമായി പോയ പൊലീസ് വാഹനം തടയാൻ ശ്രമിക്കുന്നതിനിടെ അമളി പറ്റി ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിയും സംഘവും. വാഹനം തടയുന്നതിനായി ജീപ്പിന്റെ പിന്നിലെ സ്റ്റെപ്പിനി ടയറിൽ പിടിച്ച് മുദ്രാവാക്യം വിളിച്ച നേതാക്കൾക്ക് മുന്നിലൂടെ പൊലീസ് അനായാസം വാഹനം ഓടിച്ചുപോകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കാസർകോട് എത്തിയ വിദ്യാഭ്യാസ മന്ത്രിക്കെതിരെ നടന്ന പ്രതിഷേധ സമരത്തിനിടെയാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്.
ജീപ്പിന്റെ പിന്നിൽ നിന്നുകൊണ്ട് 'ഈ വണ്ടി ഇവിടെ നിന്ന് എങ്ങനെ പോകുമെന്ന് കാണാമെന്ന്' വെല്ലുവിളിച്ച ജില്ലാ പ്രസിഡന്റ്, സവർക്കർ അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കാൻ തുടങ്ങി. ഇതൊരു സർക്കാർ സ്ഥലമാണെന്നും ഇവിടെ നിൽക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അവർ പറയുന്നുണ്ടായിരുന്നു. എന്നാൽ പൊലീസ് യാതൊരു ബുദ്ധിമുട്ടുമില്ലാതെ വണ്ടി മുന്നോട്ടെടുത്തപ്പോഴാണ് വാഹനം തടയാൻ ആരും മുന്നിലില്ലായിരുന്നെന്ന കാര്യം നേതാക്കൾക്ക് മനസ്സിലാകുന്നത്.
ആദ്യം മുന്നിൽ നിന്നിരുന്ന പ്രവർത്തകരെല്ലാം, ജില്ലാ പ്രസിഡന്റ് ജീപ്പിന്റെ പിന്നിലേക്ക് മാറിയപ്പോൾ അവർക്കൊപ്പം പുറകിലേക്ക് പോവുകയായിരുന്നു. താൻ പിന്നിലേക്ക് വന്നപ്പോൾ എല്ലാവരും ഒപ്പം വന്നോ എന്നും, വണ്ടി തടയാൻ മുന്നിൽ ആരെങ്കിലും നിൽക്കേണ്ടേയെന്നും അശ്വിനി ചോദിക്കുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. വാഹനം കടന്നുപോയ ശേഷവും ഇവർ മുദ്രാവാക്യം വിളി തുടരുകയായിരുന്നു. എൽ.പി സ്കൂൾ ക്വിസിൽ സവർക്കർ അനുകൂല ചോദ്യങ്ങൾ ഉൾപ്പെടുത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ബി.ജെ.പി സമരം സംഘടിപ്പിച്ചത്.





