കാസർകോട് എൽ.പി സ്കൂൾ കുട്ടികൾക്കായി നടത്തിയ ഫ്രീഡം ക്വിസിൽ ഹിന്ദുത്വ നേതാവായ വി.ഡി. സവർക്കറെ പ്രകീർത്തിക്കുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയ അധ്യാപകനെതിരെയുള്ള അച്ചടക്ക നടപടിയിൽ കടുത്ത വിമർശനവുമായി കെ. സുരേന്ദ്രൻ. അധ്യാപകനായ ഗുരുപ്രസാദിനെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടിയെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഏറ്റവുമധികം നാൾ ജയിൽവാസം അനുഭവിച്ചത് സവർക്കർ ആണെന്നത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. അദ്ദേഹം ഒരു സ്വാതന്ത്ര്യസമര സേനാനിയല്ലെന്നോ, ദീർഘകാലം തടവിൽ കഴിഞ്ഞിട്ടില്ലെന്നോ ആർക്കും വാദമില്ല. കോൺഗ്രസും ഇടത് ജിഹാദി ഗ്രൂപ്പുകളും പ്രധാനമായും ഉന്നയിക്കുന്ന വിമർശനം ജയിൽ മോചിതനാകാൻ അദ്ദേഹം ബ്രിട്ടീഷ് അധികാരികൾക്ക് മാപ്പപേക്ഷ നൽകി എന്നത് മാത്രമാണ്. എന്നാൽ, തടവുകാരും ജാമ്യം ആവശ്യമുള്ളവരും പിന്തുടരുന്ന സാധാരണ നിയമനടപടികൾ മാത്രമായിരുന്നു അതെന്നാണ് സവർക്കറുടെ കൊച്ചുമകൻ ഈയടുത്ത് വിശദീകരിച്ചത്. സവർക്കർക്ക് മേൽ ആരോപിക്കപ്പെടുന്ന ഈ മാപ്പപേക്ഷ വിഷയം ഇപ്പോഴും തർക്കങ്ങളുള്ള കാര്യമാണ്. എങ്കിലും, ഒരു ആയുസ്സ് മുഴുവൻ അദ്ദേഹം തടവറയിൽ ചിലവഴിച്ചുവെന്നതും, അത് ഏതെങ്കിലും മോഷണക്കുറ്റത്തിനല്ല എന്നതും ആർക്കും മായ്ച്ചുകളയാനാവാത്ത ചരിത്ര സത്യമാണെന്നും സുരേന്ദ്രൻ തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.





