മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിലുണ്ടായ സ്വകാര്യ ബസ് അപകടത്തിൽ മോട്ടോർ വാഹന വകുപ്പ് ഗതാഗത കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. വാഹനം നിയന്ത്രണം വിടാൻ ഇടയാക്കിയത് അമിത വേഗതയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വളവുകളിൽ വാഹനങ്ങൾ ഓടിക്കേണ്ട പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററാണെങ്കിലും, അപകടത്തിൽപ്പെട്ട ബസ് ഇതിന്റെ ഇരട്ടിയിലധികം വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്.
അപകടസ്ഥലത്ത് തൊട്ടടുത്തായി രണ്ട് വളവുകളാണുള്ളത്. അമിത വേഗതയിലായിരുന്നതിനാൽ ആദ്യത്തെ വളവ് പിന്നിട്ട് രണ്ടാമത്തെ വളവ് തിരിക്കാൻ ശ്രമിച്ചപ്പോഴാണ് വാഹനത്തിന്റെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെട്ടത്. ബസിന്റെ അമിതവേഗത ഹൈഡ്രോപ്ലെയിനിങ് എന്ന പ്രതിഭാസത്തിന് കാരണമാവുകയും, ഇത് റോഡും ടയറുകളും തമ്മിലുള്ള ഘർഷണം ഇല്ലാതാക്കുകയുമായിരുന്നു എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർക്ക് കുറ്റിപ്പുറം പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് ചങ്ങരംകുളം സ്വദേശിയായ ഷബീറിനാണ് നോട്ടീസ് നൽകിയത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഷബീറിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചിരുന്നു.





