ശബരിമലയിലേക്കായി വിതരണം ചെയ്ത നെയ്യുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേട് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി മിൽമ ചെയർമാൻ കെ.എസ്. മണി. മിൽമയുടെ ഭാഗത്തുനിന്നും യാതൊരുവിധത്തിലുള്ള വീഴ്ചകളും ഉണ്ടായിട്ടില്ലെന്നും, വിതരണം ചെയ്തത് മോശം നെയ്യല്ലെന്നും അദ്ദേഹം പ്രതികരിച്ചു. മിൽമയിൽ നിന്നും ഇനിമുതൽ നെയ്യ് വാങ്ങേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വ്യാജമാണ്. കൈമാറിയ നെയ്യുടെ ഗുണനിലവാരത്തിൽ എന്തെങ്കിലും പ്രശ്നമുള്ളതായി ബോർഡ് നാളിതുവരെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല. മാത്രമല്ല, നൽകിയ നെയ്യുടെ പൂർണ്ണമായ തുകയും ബോർഡ് ഇതിനോടകം തന്നെ നൽകിയിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.
ടിന്നുകളിൽ കൃത്രിമം കാണിച്ച് മറ്റേതെങ്കിലും തരത്തിലുള്ള ഗുണനിലവാരമില്ലാത്ത നെയ്യ് അതിൽ നിറച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷണത്തിലൂടെയാണ് പുറത്തുവരേണ്ടത്. മൂടി മാറ്റി അത്തരമൊരു പ്രവൃത്തി ചെയ്യാൻ കഴിയുമെന്ന് താൻ കരുതുന്നില്ല. കൃത്യമായ പരിശോധനകൾ പൂർത്തിയാക്കിയതിന് ശേഷമാണ് മിൽമ നെയ്യ് അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ക്രൈം ബ്രാഞ്ചും ദേവസ്വം വിജിലൻസും നടത്തുന്ന അന്വേഷണങ്ങളെ പൂർണ്ണമായി സ്വാഗതം ചെയ്യുന്നു. ഈ അന്വേഷണങ്ങളോട് മിൽമ എല്ലാവിധത്തിലും സഹകരിക്കും. പരിശോധനയിൽ ആരുടെയെങ്കിലും ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി തെളിഞ്ഞാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കെ.എസ്. മണി ഉറപ്പുനൽകി.
ക്ഷീരകർഷകർക്കൊരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് നെയ്യ് വാങ്ങണമെന്ന ആവശ്യവുമായി മിൽമ ദേവസ്വം ബോർഡിനെ സമീപിച്ചത്. എന്നാൽ, ശബരിമലയിലെ ആവശ്യങ്ങൾക്കായി ഭക്തർ വഴിപാടായി നൽകുന്ന നെയ്യ് തന്നെ മതിയാകുമെന്നാണ് ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയത്. അല്ലാതെ മിൽമയുടെ നെയ്യ് ഒഴിവാക്കാൻ ബോർഡ് തീരുമാനിച്ചു എന്നത് ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും പടച്ചുവിടുന്ന അപവാദപ്രചാരണങ്ങൾ മാത്രമാണെന്നും കെ.എസ്. മണി ചൂണ്ടിക്കാട്ടി.





