തിരുവനന്തപുരം: സർവ്വേ വകുപ്പിൽ ഡിജിറ്റൽ സർവ്വേ വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചിരുന്ന 2800 ജീവനക്കാരെ സർക്കാർ ജോലിയിൽ നിന്നും ഒഴിവാക്കി. കഴിഞ്ഞ നാല് മാസത്തെ ശമ്പള കുടിശ്ശിക നൽകാൻ പോലും തയ്യാറാകാതെയാണ് ഈ പിരിച്ചുവിടൽ നടപടി. സർവ്വേ ഡയറക്ടർ പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം ഇന്നു മുതൽ എല്ലാവരും ജോലിയിൽ നിന്ന് പിരിഞ്ഞു പോകേണ്ടതുണ്ട്.
ജീവനക്കാരെ മാറ്റിയതോടെ സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വേ പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ച മട്ടാണ്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് ആരംഭിച്ച ഈ പദ്ധതി വഴി സംസ്ഥാനത്തെ നാലിലൊന്ന് വില്ലേജുകളിൽ പോലും ഇതേവരെ ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. സർവ്വേ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചിട്ടുണ്ട്.
അതേസമയം, നിലവിൽ തടസ്സപ്പെട്ട ഈ സർവ്വേ പദ്ധതി ഇനി ഏത് രീതിയിലാണ് മുന്നോട്ട് കൊണ്ടുപോകുക എന്നതിനെക്കുറിച്ചുള്ള യാതൊരു വിശദീകരണവും ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.





