പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ മുൻ എൽ.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. ഈ പദ്ധതിയുടെ കരാറിൽ ഒപ്പുവെച്ചത് ആരാണെന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു.
കരാറിൽ ഒപ്പുവെച്ചത് കഴിഞ്ഞ സർക്കാരാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, അന്നത്തെ മന്ത്രിസഭയെയോ മുന്നണിയെയോ അറിയിക്കാതെയും രണ്ടാം ഘടകകക്ഷിയായ സി.പി.ഐയുടെ അഭിപ്രായം പോലും മാനിക്കാതെയുമാണ് തിടുക്കത്തിൽ തീരുമാനമെടുത്തതെന്ന് ആരോപിച്ചു. പ്രതിപക്ഷത്തോട് യാതൊന്നും ചർച്ച ചെയ്യാതെയാണ് ഈ കരാർ ഒപ്പിട്ടതെന്നും അത് ഇപ്പോഴും നിലനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പുവെച്ചു കഴിഞ്ഞ സാഹചര്യത്തിൽ ഇനി മുന്നോട്ട് എന്ത് വേണമെന്ന കാര്യമാണ് യു.ഡി.എഫ് ചർച്ച ചെയ്തത്. പാഠ്യപദ്ധതി രൂപീകരണത്തിലും വിദ്യാലയങ്ങൾ തിരഞ്ഞെടുക്കുന്നതിലും തങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്നതുൾപ്പെടെയുള്ള നിബന്ധനകൾ കേന്ദ്ര സർക്കാരിന് മുന്നിൽ വയ്ക്കാനാണ് യു.ഡി.എഫ് തീരുമാനം.
ഇതിന്റെ വിശദവിവരങ്ങൾ ഇന്നലെ യു.ഡി.എഫ് കൺവീനർ വ്യക്തമാക്കിയതിനാൽ കൂടുതൽ അതിലേക്ക് കടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോൺ ബ്രിട്ടാസിന്റെ പ്രസ്താവനയ്ക്കും രമേശ് ചെന്നിത്തല മറുപടി നൽകി. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് രാജ്യസഭാംഗമായിരുന്ന ബ്രിട്ടാസിന് എന്തുകൊണ്ട് ഈ കാര്യം അദ്ദേഹത്തോട് പറയാനായില്ലെന്ന് ചെന്നിത്തല ചോദിച്ചു. പരസ്യമായി പറയാൻ പ്രയാസമുണ്ടായിരുന്നെങ്കിൽ ബ്രിട്ടാസിന് രഹസ്യമായെങ്കിലും പിണറായി വിജയനോട് ഇത് പറഞ്ഞു കൂടാമായിരുന്നോ എന്നും അദ്ദേഹം ആരാഞ്ഞു. അന്ന് മിണ്ടാതിരുന്ന് കരാറൊപ്പിട്ട് കേന്ദ്ര ആനുകൂല്യങ്ങൾ വാങ്ങിച്ചെടുത്ത ശേഷം ഇപ്പോൾ തങ്ങളുടെ തലയിൽ കുറ്റം കെട്ടിവെക്കാൻ വരേണ്ടതില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.





