ഡൽഹി: മണ്ഡല പുനർനിർണയ ബില്ലിനെതിരെ ആദ്യമായി പ്രതിഷേധ കൺവെൻഷൻ സംഘടിപ്പിച്ച ഡി.എം.കെയുടെ നിലവിലെ നിലപാട് മാറ്റം വിസ്മയിപ്പിക്കുന്നതാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ദ്രാവിഡ രാഷ്ട്രീയത്തിന് വിപരീതമായ ഈ തീരുമാനത്തിലൂടെ ഡി.എം.കെയ്ക്ക് എന്ത് രാഷ്ട്രീയ നേട്ടമാണ് ലഭിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും, എൻ.സി.പി (ശരദ് പവാർ) വിഭാഗത്തിന്റെ നിലപാടും അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഡി.എം.കെയുടെ നിർദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചത് തങ്ങളുടെ പോരാട്ടത്തിന്റെ വിജയമാണെന്നും, ബിൽ വിശദമായി പഠിച്ച ശേഷമാണ് പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്നും പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ എക്സിൽ കുറിച്ചു. സീറ്റുകളിൽ 50 ശതമാനം വർധനവുണ്ടാകുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കുമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
നിലവിലെ 543 അംഗ സഭയിൽ വനിതാ സംവരണം നടപ്പിലാക്കുന്നതിന് പകരം, അതിന്റെ മറവിൽ മണ്ഡല പുനർനിർണയം കൊണ്ടുവരുന്നത് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ വിജയിക്കാനുള്ള ബി.ജെ.പിയുടെ ദുരുദ്ദേശമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ ആരോപിച്ചു. ഡി.എം.കെയും എൻ.സി.പി (എസ്.പി)യും ഭരണകക്ഷിയെ അനുകൂലിച്ചാലും ബിൽ പാസാക്കാനുള്ള അംഗസംഖ്യ ലഭിക്കില്ലെന്നും, മറ്റേതെങ്കിലും കക്ഷികളെ പിളർത്താനുള്ള നീക്കമുണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





