ന്യൂഡൽഹി: പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുൻപ്, 1980-ലെ വോട്ടർ പട്ടികയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പേര് ഉൾപ്പെടുത്തിയെന്ന പരാതിയിൽ ഡൽഹി പൊലീസ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. 1980-ലെയും 1983-ലെയും വോട്ടർ പട്ടികകളിൽ സോണിയ ഗാന്ധിയുടെ പേര് ഉൾപ്പെട്ടിരുന്നതായി ന്യൂഡൽഹി ജില്ലാ മജിസ്ട്രേറ്റ് സ്ഥിരീകരിച്ചെങ്കിലും, പേര് ചേർക്കുന്നതിനായി സമർപ്പിച്ച ഫോം 6 ഉൾപ്പെടെയുള്ള രേഖകൾ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
ആന്റോണിയ മൈനോ എന്ന പേരുള്ള സോണിയ ഗാന്ധിക്ക് 1983 ഏപ്രിൽ 30-നാണ് ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ വിദേശകാര്യ വിഭാഗത്തിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 1983-ലാണ് പൗരത്വം ലഭിച്ചതെന്നും അതിന് മുൻപ് 1980-ൽ വോട്ടർ പട്ടികയിൽ പേര് വന്നെന്നുമാണ് പരാതിയിലെ ആരോപണം.
പരാതിയിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിനോദ് ജോഷി നേരത്തെ പൊലീസിനോട് നിർദേശിച്ചിരുന്നു. കാണാതായ രേഖകൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ പരാതിയുമായി ബന്ധപ്പെട്ട വസ്തുതകൾ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു; കേസ് ഡിസംബർ 14-ന് കോടതി വീണ്ടും പരിഗണിക്കും.





