ന്യൂഡൽഹി: തിരുപ്പരൻകുൻട്രം ദീപം വിവാദത്തിൽ മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. കൽത്തൂണിൽ ദീപം തെളിയിച്ച വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്താണെന്ന് ചോദിച്ച സ്റ്റാലിൻ, എല്ലാ കാര്യങ്ങളും ഉദ്യോഗസ്ഥരുടെ തലയിലിട്ട് വിജയ് പുറകിലൊളിച്ചുവെന്നും ആരോപിച്ചു.
സംസ്ഥാനത്തിന്റെ അവകാശത്തിൽ സുപ്രീം കോടതി ഇടപെട്ടപ്പോഴും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്നും, അവധിദിനങ്ങളായ ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ച പ്രതികരിച്ചേക്കുമെന്നും സ്റ്റാലിൻ പരിഹസിച്ചു. ദീപത്തൂണിലേക്ക് എണ്ണപ്പാത്രം കൊണ്ടുപോകാൻ ജില്ലാ കളക്ടറെ നിയോഗിച്ച സർക്കാർ നടപടിയെയും അദ്ദേഹം വിമർശിച്ചു; സംസ്ഥാനത്തിന്റെ അവകാശങ്ങളും മതസൗഹാർദവും സംരക്ഷിക്കാൻ പോരാട്ടം തുടരുമെന്നും ഡി.എം.കെ വ്യക്തമാക്കി.
അതേസമയം, ദീപം തെളിയിക്കാത്തതിൽ വിജയ് സർക്കാരിനോട് കോൺഗ്രസ് ഉത്തരവാദിത്തം ചോദിച്ചിട്ടില്ലല്ലോ എന്ന് ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ, ഈ വിഷയത്തിൽ ഡി.എം.കെയ്ക്ക് ആരുടെയും ഉപദേശം ആവശ്യമില്ലെന്നും പറഞ്ഞു. കേന്ദ്രത്തിന്റെ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണച്ചതിനെച്ചൊല്ലി കോൺഗ്രസുമായി അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.





