ചെന്നൈ: പെരമ്പൂർ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയതോടെ തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ വിജയ്‌ക്ക് കനത്ത തിരിച്ചടി. മണ്ഡലത്തിലെ വോട്ടറായ എസ്. ദിനേശ് സമർപ്പിച്ച ഹർജി തള്ളണമെന്നാവശ്യപ്പെട്ട് വിജയ് നൽകിയ അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി നടപടിയുമായി മുന്നോട്ട് പോകാൻ ഉത്തരവിട്ടത്.
തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതുമായി ബന്ധപ്പെട്ട വീഴ്ചകൾ പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ 30 കോടി രൂപയുടെ ഭൂമി വാങ്ങിയതും 35 കോടി രൂപയുടെ വസ്തു വിറ്റതും ഉൾപ്പെടെയുള്ള സ്വത്ത് വിവരങ്ങളും വരുമാനവും വിജയ് മറച്ചുവെച്ചുവെന്നാണ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ദിനേശ് നൽകിയ ഹർജിയിലെ ആരോപണം; എന്നാൽ വിജയ് ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
അതേസമയം, വിജയ് രാജിവെച്ചൊഴിഞ്ഞ തിരുച്ചി ഈസ്റ്റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഇനിയും വൈകും. തിരുച്ചി ഈസ്റ്റ് ഉൾപ്പെടെയുള്ള മൂന്ന് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് വിലക്ക് നീക്കാൻ തയ്യാറാകാതിരുന്ന കോടതി, തിരഞ്ഞെടുപ്പ് ഹർജികളിൽ അന്തിമ തീർപ്പുണ്ടായതിന് ശേഷം മാത്രമേ ഇവിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുകയുള്ളൂവെന്നും വ്യക്തമാക്കി.





