ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹം പരസ്യമായ വാക്പോരിലേക്ക് കടന്നു; സർക്കാരിനെ വിമർശിക്കുന്ന സ്വന്തം പാർട്ടിയിലെ എം.എൽ.എമാരെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി 'ഭ്രാന്തൻ പട്ടി കടിച്ചവർ' എന്ന് വിശേഷിപ്പിച്ചതിനെതിരെ മുനുഗോഡ് എം.എൽ.എ കോമട്ടിറെഡ്ഡി രാജഗോപാൽ റെഡ്ഡി ഉൾപ്പെടെയുള്ളവർ രൂക്ഷമായി തിരിച്ചടിച്ചു.
ഉന്നത പദവികളിലിരിക്കുന്നവർ മാന്യമായി സംസാരിക്കണമെന്നും ഭാഗ്യം കൊണ്ട് മാത്രം മുഖ്യമന്ത്രിയായവർ അധികാരത്തിന്റെ അഹങ്കാരം കാണിക്കരുതെന്നും രാജഗോപാൽ റെഡ്ഡി സമൂഹമാധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തി. അഴിമതി നിറഞ്ഞതും ദുഷിച്ചതുമായ ഭരണം നടത്തുന്നവരോട് തെലങ്കാനയിലെ ജനങ്ങളും ചരിത്രവും പൊറുക്കില്ലെന്ന് കുറിച്ച അദ്ദേഹം, മുഖ്യമന്ത്രിയുടെ മണ്ഡലമായ കൊടംഗലിനും മറ്റ് മന്ത്രിമാരുടെ മണ്ഡലങ്ങൾക്കും വികസന ഫണ്ടുകൾ വാരിക്കോരി നൽകുമ്പോൾ തങ്ങളുടെ മണ്ഡലങ്ങളെ അവഗണിക്കുകയാണെന്ന് ആരോപിക്കുകയും ഫണ്ട് തടഞ്ഞുവെച്ചാൽ മറ്റൊരു 'കുരുക്ഷേത്ര' യുദ്ധം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
നേരത്തെ നവംബർ 19-ന് സിദ്ദിപേട്ടിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് പേരെടുത്തു പറയാതെ വിമത എം.എൽ.എമാർക്കെതിരെ രേവന്ത് റെഡ്ഡി ആഞ്ഞടിച്ചത്. മൈക്കിലൂടെ സർക്കാരിന്റെ മോശം കാര്യങ്ങൾ വിളിച്ചുപറയുകയും തന്റെ വീട്ടിൽ വന്ന് നല്ല കാര്യങ്ങൾ ചെവിയിൽ മന്ത്രിക്കുകയും ചെയ്യുന്ന, ഭ്രാന്തൻ പട്ടി കടിച്ച ചില ഭ്രാന്തന്മാർ പാർട്ടിയിലുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം.





