ലഖ്‌നൗ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) തൊഴിലവസരങ്ങളെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിലും, കൈത്തൊഴിലും പ്രായോഗിക നൈപുണ്യവുമുള്ള വ്യക്തികളുടെ ഉപജീവനമാർഗം തട്ടിയെടുക്കാൻ ആർക്കും സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ലഖ്‌നൗവിലെ ഇന്ദിരാ ഗാന്ധി പ്രതിഷ്ഠാനിൽ നടന്ന അഞ്ചാമത് ദേശീയ നൈപുണ്യ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം; മാറുന്ന കാലത്ത് കേവലം സർട്ടിഫിക്കറ്റുകൾ ഉള്ളവരേക്കാൾ പ്രായോഗിക പരിചയവും നൈപുണ്യവുമുള്ളവർക്ക് സമൂഹത്തിൽ കൂടുതൽ ആദരവും പ്രാധാന്യവും ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സാങ്കേതിക രംഗത്തെ ഉന്നത ബിരുദധാരികളായ ഐ.ഐ.ടി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അതേ ആദരവ് തൊഴിലധിഷ്ഠിത പരിശീലനം നേടിയ ഐ.ടി.ഐ വിദ്യാർത്ഥികൾക്കും സമൂഹം നൽകണമെന്ന് മോദി ആവശ്യപ്പെട്ടു. വൻകിട കമ്പനികളിൽ പേപ്പർ സർട്ടിഫിക്കറ്റുള്ള രണ്ടോ മൂന്നോ പേർ മാത്രമേ ഉണ്ടാകുകയുള്ളൂവെങ്കിലും, ആ സ്ഥാപനത്തിന് കരുത്ത് പകരാനും മുന്നോട്ട് കൊണ്ടുപോകാനും 200 മുതൽ 300 വരെ ഐ.ടി.ഐ പരിശീലനം ലഭിച്ചവർ അനിവാര്യമാണെന്നും, ഐ.ഐ.ടിയായാലും ഐ.ടി.ഐ ആയാലും വിദ്യാർത്ഥികളാണ് രാജ്യത്തിന്റെ സമ്പത്തും കരുത്തും ഭാവിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ പരമ്പരാഗത നൈപുണ്യ അടിത്തറ വിദേശ അധിനിവേശക്കാരും ബ്രിട്ടീഷുകാരും തകർത്ത സാഹചര്യവും പ്രധാനമന്ത്രി അനുസ്മരിച്ചു. രാജ്യത്തെ സമൃദ്ധമാക്കുന്ന കരകൗശല വിദഗ്ധരുടെയും ശില്പികളുടെയും വിരലുകൾ മുറിച്ചുമാറ്റിക്കൊണ്ട് വിദേശ അധിനിവേശക്കാർ നൈപുണ്യ മേഖലയെ നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ, തോമസ് ബാബിംഗ്ടൺ മെക്കാളെ അടിച്ചേൽപ്പിച്ച ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യയുടെ നൈപുണ്യാധിഷ്ഠിത വ്യവസ്ഥയെ കേവലം ക്ലർക്കുമാരെ സൃഷ്ടിക്കുന്ന ഒന്നാക്കി മാറ്റിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്വാതന്ത്ര്യത്തിന് ശേഷവും ക്ലറിക്കൽ ജോലികൾക്ക് അമിത പ്രാധാന്യം നൽകുന്ന പ്രവണത തുടർന്നതോടെ പരമ്പരാഗത കരകൗശല മേഖലകളും നൈപുണ്യ വികസനവും പിന്നാക്കം പോവുകയും ഒരു 'പേപ്പർ ക്ലർക്ക്' ആകുന്നത് വലിയ അന്തസ്സിന്റെ വിഷയമായി മാറുകയും ചെയ്തതായും മോദി കൂട്ടിച്ചേർത്തു. ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി ജയന്ത് ചൗധരി, യു.പി ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പാഠക് എന്നിവരും പങ്കെടുത്തു.





