ഡൽഹി: നാഷണൽ ഹെറാൾഡ് കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടികൾക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും. സ്വകാര്യ അന്യായത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിന് നിയമപരമായ നിലനിൽപ്പില്ലെന്നും കേന്ദ്ര ഏജൻസി നിയമങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും വ്യക്തമാക്കി ഇരുവരും കോടതിയിൽ വിശദമായ സത്യവാങ്മൂലം ഫയൽ ചെയ്തു.
രാജ്യത്ത് ഒരു വ്യക്തി നൽകിയ സ്വകാര്യ പരാതിയിൽ ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണം നടത്തിയ ഒരേയൊരു കേസ് ഇതാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. നിയമം അനുവദിക്കാത്ത നടപടിയായിരുന്നിട്ടും, മുൻ കേന്ദ്രമന്ത്രി സുബ്രഹ്മണ്യം സ്വാമി ഫയൽ ചെയ്ത സ്വകാര്യ പരാതിയെ അടിസ്ഥാനമാക്കി തങ്ങൾക്കെതിരെ ഇ.ഡി എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) തയ്യാറാക്കുകയായിരുന്നുവെന്ന് ഗാന്ധി കുടുംബം ബോധിപ്പിച്ചു. 2014-ൽ സുബ്രഹ്മണ്യം സ്വാമി പരാതി നൽകിയപ്പോൾ ഇ.സി.ഐ.ആർ ഇടാതിരുന്ന കേന്ദ്ര ഏജൻസി, ഏകദേശം ഏഴ് വർഷത്തോളം വൈകി 2021 ജൂൺ 30-നാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും സത്യവാങ്മൂലത്തിൽ അവർ എടുത്തുപറയുന്നുണ്ട്.





