Malayali Media
India

പരീക്ഷാ ചോദ്യപേപ്പറുകൾ ഇനി എ.ഐ വഴി വിവർത്തനം ചെയ്യും; സുരക്ഷാ പരിഷ്കാരങ്ങളുമായി എൻ.ടി.എ

17 Sept 20266 views 3 min read
പരീക്ഷാ ചോദ്യപേപ്പറുകൾ ഇനി എ.ഐ വഴി വിവർത്തനം ചെയ്യും; സുരക്ഷാ പരിഷ്കാരങ്ങളുമായി എൻ.ടി.എ
Advertisement

ഡൽഹി: ചോദ്യപേപ്പർ ചോർച്ച പൂർണ്ണമായും തടയുന്നതിനായി പരീക്ഷാ നടത്തിപ്പിൽ വിപുലമായ മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ). വിവിധ ഭാഷകളിലേക്കുള്ള ചോദ്യപേപ്പറുകളുടെ തർജ്ജമ നിർമ്മിത ബുദ്ധി (എ.ഐ) അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലേക്ക് മാറ്റുകയാണ് പുതിയ പരിഷ്കാരം. ഇതിനായി പ്രത്യേകം തയ്യാറാക്കിയ എ.ഐ വിവർത്തന പ്ലാറ്റ്‌ഫോം നിലവിൽ വരും. ഇതോടെ വിവർത്തകരുടെ ഉത്തരവാദിത്തങ്ങളിലും കാതലായ മാറ്റമുണ്ടാകും. ഇംഗ്ലീഷിൽ നിന്നും എ.ഐ തയ്യാറാക്കുന്ന ഉള്ളടക്കത്തിന്റെ കൃത്യത വിലയിരുത്തുക മാത്രമായിരിക്കും ഇവരുടെ ചുമതല. ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്താനും വിവർത്തനത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും ഇവർക്ക് അനുവാദമുണ്ടാകും.

പഴയ രീതിയിലുള്ള വിവർത്തകർക്ക് പകരം പുതിയ ആളുകളെ എൻ.ടി.എ ചുമതലപ്പെടുത്തും. ഇവർ തുടർച്ചയായ നിരീക്ഷണത്തിലായിരിക്കും പ്രവർത്തിക്കുക. ഒരു കാരണവശാലും വിവർത്തകർക്ക് സമ്പൂർണ്ണ ചോദ്യപേപ്പർ ഒറ്റയടിക്ക് നൽകില്ല. എ.ഐ വിവർത്തനം വിലയിരുത്തുന്നവർക്ക് ഓരോ ചോദ്യങ്ങൾ മാത്രമായിട്ടാകും ലഭ്യമാക്കുക. കൂടാതെ, ചോദ്യങ്ങൾ പരീക്ഷാ പേപ്പറിൽ വരുന്ന ക്രമവും ഇവർക്ക് മനസ്സിലാക്കാൻ സാധിക്കില്ല. നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിവർത്തകർക്ക് നിർണ്ണായക പങ്കുണ്ടെന്ന അന്വേഷണ ഏജൻസികളുടെ കണ്ടെത്തലിനെ തുടർന്നാണ് ഈ കർശന മുൻകരുതൽ.

നീറ്റ് പരീക്ഷാ നടത്തിപ്പിലെ അപാകതകളെ തുടർന്ന് എൻ.ടി.എ വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിട്ടിരുന്നു. പരീക്ഷാ സുരക്ഷ കർശനമാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകിയ നിർദ്ദേശങ്ങളെ തുടർന്നാണ് മാറ്റങ്ങൾ. ഇതിന്റെ ഭാഗമായി പരീക്ഷാ നടത്തിപ്പ് സമിതി പുനഃസംഘടിപ്പിക്കുകയും 600 വിദഗ്ധരെ ഒഴിവാക്കി പുതിയ പാനലിനെ നിയമിക്കുകയും ചെയ്തിരുന്നു. ചോദ്യപേപ്പറുകളുടെ ചോർച്ച തടയാൻ നാല് തലങ്ങളിലുള്ള (4-ടയർ) സുരക്ഷാ പരിശോധനാ സംവിധാനവും ഏജൻസി നടപ്പിലാക്കുന്നുണ്ട്.

Advertisement

Comments

Add a Comment

Our Channels

പരീക്ഷാ ചോദ്യപേപ്പറുകൾ ഇനി എ.ഐ വഴി വിവർത്തനം ചെയ്യും; സുരക്ഷാ പരിഷ്കാരങ്ങളുമായി എൻ.ടി.എ | Malayali Media