Malayali Media
India

പി.എഫ് വിഹിതം ഉയരും; ശമ്പള പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ

17 Sept 202667 views 3 min read
പി.എഫ് വിഹിതം ഉയരും; ശമ്പള പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ
Advertisement

ഡൽഹി: പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) ചട്ടങ്ങളിൽ സുപ്രധാന പരിഷ്കാരവുമായി കേന്ദ്ര സർക്കാർ. ഇ.പി.എഫ് പരിധി നിർണ്ണയിക്കുന്നതിനുള്ള പ്രതിമാസ വേതന പരിധി 15,000 രൂപയിൽ നിന്നും 25,000 രൂപയായി ഉയർത്തി. 15,000 മുതൽ 25,000 രൂപ വരെ വേതനം വാങ്ങുന്ന 51 ലക്ഷം തൊഴിലാളികൾക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം നേരിട്ട് ലഭിക്കും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ പ്രതിവർഷം 11,339 കോടി രൂപയുടെ ബാധ്യതയാണ് കേന്ദ്ര സർക്കാരിനുണ്ടാകുക. തൊഴിലാളികളുടെ നീണ്ട നാളത്തെ ആവശ്യത്തിനാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്.

തൊഴിലാളികളുടെ കാലങ്ങളായുള്ള ഈ ആവശ്യത്തിന് പ്രധാനമന്ത്രി അംഗീകാരം നൽകിയെന്നും, വിപുലമാക്കിയ പുതിയ സാമൂഹിക സുരക്ഷാ സംവിധാനം ജീവനക്കാർക്കും തൊഴിൽദാതാക്കൾക്കും ഒരുപോലെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ അവിദഗ്ദ്ധ തൊഴിലാളികളുടെ പോലും കുറഞ്ഞ മാസവരുമാനം 15,000 രൂപയ്ക്ക് മുകളിലായതിനാൽ 2014-ൽ നടപ്പിലാക്കിയ പരിധിക്ക് നിലവിൽ യാതൊരു പ്രസക്തിയുമില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ കൂടിയാലോചനകൾക്ക് ശേഷം വേതന പരിധി 25,000 രൂപയായി പുതുക്കി നിശ്ചയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിൽ മേഖലയിലേക്ക് പുതുതായി എത്തുന്നവർക്ക് കൂടുതൽ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മറ്റ് അനുബന്ധ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും ഇത് വഴിയൊരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സെപ്റ്റംബർ 17 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. തൊഴിൽ മന്ത്രാലയത്തിന്റെ വിലയിരുത്തൽ പ്രകാരം 51 ലക്ഷത്തിലധികം പേർ പുതുതായി നിർബന്ധിത ഇ.പി.എഫ്.ഒ പരിധിയിലേക്ക് കടന്നുവരും. നിലവിൽ സർക്കാരിന്റെ വാർഷിക വിഹിതം 10,250 കോടി രൂപയായിരുന്നത് പുതിയ മാറ്റത്തോടെ പ്രതിവർഷം 11,339 കോടി രൂപയായി ഉയരും. വരും അഞ്ച് വർഷക്കാലയളവിൽ ആകെ 56,696 കോടി രൂപയാണ് കേന്ദ്രം ഇതിനായി വിനിയോഗിക്കുക.

Advertisement

Comments

Add a Comment

Our Channels

പി.എഫ് വിഹിതം ഉയരും; ശമ്പള പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ | Malayali Media