ബെംഗളൂരു: സംസ്ഥാനത്തെ ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്ന് നിഷ്കർഷിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. അതേസമയം, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ സംബന്ധിക്കുന്ന ഔദ്യോഗിക പരിപാടികൾക്ക് ഈ പുതിയ നിർദ്ദേശം ബാധകമായിരിക്കില്ല. സംസ്ഥാന സർക്കാരിന്റെ പൊതുപരിപാടികളിൽ പാലിക്കേണ്ട ഈ മാനദണ്ഡത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകുകയായിരുന്നു. വന്ദേമാതരവും ദേശീയഗാനമായ ജനഗണമനയും ഒന്നിച്ചാലപിക്കുന്ന സന്ദർഭങ്ങളിൽ വന്ദേമാതരത്തിലെ ആറ് ചരണങ്ങളും പൂർണ്ണമായി പാടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ജനുവരിയിൽ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്ര സർക്കാരിന്റെ ആ നിർദ്ദേശം. എന്നാൽ, 1937-ൽ വന്ദേമാതരവുമായി ബന്ധപ്പെട്ട് കൈക്കൊണ്ട ചരിത്രപരമായ തീരുമാനത്തിൽ ഉറച്ചുനിൽക്കാനായിരുന്നു ഓഗസ്റ്റ് 19-ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനം. ഇതനുസരിച്ച് സംഘടനാ പരിപാടികളിൽ ദേശീയ ഗീതത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമാണ് പാടുന്നത്. കോൺഗ്രസ് പരിപാടികളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കാത്തതിലൂടെ പാർട്ടി നേതൃത്വം ദേശീയ ഗീതത്തെ അനാദരിച്ചുവെന്ന് ബി.ജെ.പി ആരോപണം ഉന്നയിക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു ഉത്തരവ് വരുന്നത്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ കാലഘട്ടത്തിൽ പൗരന്മാരിൽ ദേശീയബോധവും ഐക്യവും രാജ്യസ്നേഹവും രൂപപ്പെടുത്തുന്നതിൽ വന്ദേമാതരം വഹിച്ച പങ്കിനെക്കുറിച്ച് സർക്കാർ ഉത്തരവിന്റെ ആമുഖത്തിൽ അടിവരയിടുന്നുണ്ട്.
ദേശീയ ഗീതത്തിന്റെ ഔദ്യോഗിക ഘടനയെക്കുറിച്ചും വിവിധ പൊതു-സർക്കാർ ചടങ്ങുകളിൽ ഇത് ആലപിക്കുമ്പോഴോ പ്ലേ ചെയ്യുമ്പോഴോ പാലിക്കേണ്ട ചിട്ടവട്ടങ്ങളെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർഗ്ഗരേഖകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഗീതം കേൾപ്പിക്കേണ്ടതും സദസ്സ് ഒന്നടങ്കം ഏറ്റുപാടേണ്ടതുമായ സന്ദർഭങ്ങൾ ഈ കേന്ദ്ര നിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കർണാടകയിലെ സർക്കാർ തല പരിപാടികളിൽ വന്ദേമാതരം ആലപിക്കുമ്പോഴും പ്രക്ഷേപണം ചെയ്യുമ്പോഴും ഒരു പൊതുമാനദണ്ഡം നിലനിർത്താനും ഉചിതമായ അന്തസ്സും ഔദ്യോഗിക മര്യാദകളും കാത്തുസൂക്ഷിക്കാനുമാണ് പുതിയ ഉത്തരവിലൂടെ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ഭരണകൂടം അറിയിച്ചു.





