ന്യൂഡൽഹി: അധോലോക നായകൻ അബു സലീം തടവിൽ തന്നെ തുടരണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 25 കൊല്ലമായി താൻ തടവറയിലാണെന്നും മോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ അപേക്ഷ പരമോന്നത നീതിപീഠം തള്ളി. 1993-ലെ ബോംബെ സ്ഫോടന പരമ്പര കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയാണ് ഇയാൾ. ഹർജിയിന്മേൽ വാദങ്ങൾ തുടങ്ങുന്നതിന് തൊട്ടുമുമ്പ് തന്നെ അപേക്ഷ നിരസിക്കുകയാണെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹർജി പരിഗണിച്ചത്.
2002-ൽ പോർച്ചുഗലിൽ നിന്നാണ് അബു സലീം പിടിയിലാകുന്നത്. തുടർന്ന് 2002 ഡിസംബർ 17-ന് ഇയാളെ ഇന്ത്യയിലേക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ചില ധാരണകളിലെത്തി. പ്രതിക്ക് വധശിക്ഷ നൽകില്ലെന്നും 25 വർഷത്തിലേറെ ജയിൽശിക്ഷ വിധിക്കില്ലെന്നുമായിരുന്നു ഈ വ്യവസ്ഥ. വർഷങ്ങൾ നീണ്ട കൈമാറ്റ നടപടികൾക്കൊടുവിൽ 2005-ലാണ് ഇയാളെ ഇന്ത്യയിലെത്തിച്ചത്. തുടർന്ന് മുംബൈ സ്ഫോടനക്കേസ് ഉൾപ്പെടെ രണ്ട് ടാഡാ കേസുകളിൽ ഇയാൾ വിചാരണ നേരിട്ടു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ 2017 സെപ്റ്റംബർ 7-ന് കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാൽ ഈ വിധി നാടുകടത്തൽ കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നാണ് അബു സലീം ഉയർത്തിയ പ്രധാന വാദം.
2025 മാർച്ച് 31-ഓടെ തന്റെ 25 വർഷത്തെ ജയിൽവാസം പൂർത്തിയായെന്നാണ് പുതിയ അപേക്ഷയിൽ ഇയാൾ അവകാശപ്പെട്ടത്. വിചാരണക്കാലയളവിലെ തടവ്, കുറ്റവാളിയെന്ന് കണ്ടെത്തിയ ശേഷമുള്ള ജയിൽവാസം, നല്ലനടപ്പ് കാരണം തടവുകാലത്ത് ലഭിച്ച ഇളവുകൾ എന്നിവയെല്ലാം കണക്കാക്കിയാൽ കഴിഞ്ഞ വർഷം മാർച്ച് മാസത്തോടെ 25 വർഷത്തെ കാലാവധി പൂർത്തിയായെന്നും, ഇനിയും തന്നെ തടവിൽ പാർപ്പിക്കുന്നത് നിയമവിരുദ്ധ കസ്റ്റഡിയാണെന്നുമായിരുന്നു ഹർജിയിലെ വാദം. എന്നാൽ ഈ വാദങ്ങളെല്ലാം സുപ്രീം കോടതി പൂർണ്ണമായി തള്ളിക്കളഞ്ഞു.
2005 നവംബറിലാണ് പോർച്ചുഗലിൽ നിന്ന് അബു സലീമിനെ രാജ്യത്ത് എത്തിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ കണക്കനുസരിച്ച് നാടുകടത്തൽ വ്യവസ്ഥയിലെ 25 വർഷത്തെ തടവ് 2030 നവംബറിലേ അവസാനിക്കൂ എന്ന് നീതിപീഠം വ്യക്തമാക്കി. തടവറയിലെ നല്ലനടപ്പിനുള്ള ഇളവുകൾ (റെമിഷൻ) പരിഗണിച്ച് ഈ 25 വർഷത്തെ ശിക്ഷാകാലയളവ് കുറയ്ക്കാൻ സാധിക്കില്ലെന്ന ബോംബെ ഹൈക്കോടതിയുടെ മുൻപത്തെ ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു.





