ന്യൂഡൽഹി: പ്രത്യേക സംക്ഷിപ്ത പുനരവലോകന (എസ്.ഐ.ആർ) നടപടികൾക്ക് മുൻപ് 729 വോട്ടർമാരുണ്ടായിരുന്ന പോളിംഗ് ബൂത്തിലെ കരട് വോട്ടർ പട്ടികയിൽ ഇപ്പോൾ അവശേഷിക്കുന്നത് ഒരൊറ്റ സമ്മതിദായകൻ മാത്രം. ഡൽഹിയിലെ ലാൽ ഖില യമുന ബ്രിഡ്ജ് ബൂത്തിലാണ് ഈ അസാധാരണ സംഭവം. 632 പേർ സ്ഥലം മാറിപ്പോയെന്നും, 42 പേർ മരണപ്പെട്ടെന്നും, 10 വോട്ടർമാരുടെ പേരുകൾ ആവർത്തിച്ചുള്ളതാണെന്നും, ഒരാളെ കാണാനില്ലെന്നും, 43 പേരെ 'മറ്റുള്ളവർ' (ഇ.എഫ് ഫോമിൽ ഒപ്പിടാൻ വിസമ്മതിച്ചവർ, താമസസ്ഥലം പൊളിച്ചുമാറ്റപ്പെട്ടവർ എന്നിവർ) എന്ന ഗണത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഓഗസ്റ്റ് 11-ന് അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറും (എ.ഇ.ആർ.ഒ) ബൂത്ത് ലെവൽ ഏജന്റുമാരും (ബി.എൽ.എ) തമ്മിൽ ചേർന്ന യോഗത്തിലെ രേഖകൾ വ്യക്തമാക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെ രണ്ട് ഏജന്റുമാർ പങ്കെടുത്തതായി പറയുന്നുണ്ടെങ്കിലും ബി.ജെ.പിയുടെ പ്രതിനിധി മാത്രമാണ് യോഗരേഖയിൽ ഒപ്പുവെച്ചിട്ടുള്ളത്.
മുപ്പതിലധികം വർഷമായി ബി.ജെ.പിയുടെ ബൂത്ത് ലെവൽ ഏജന്റായി സേവനമനുഷ്ഠിച്ചിരുന്ന എഴുപത്തിനാലുകാരിയായ ഗായത്രി ദേവിയെ 'സ്ഥിരമായി മാറിത്താമസിച്ച വ്യക്തി' എന്ന് രേഖപ്പെടുത്തിയാണ് പട്ടികയിൽ നിന്ന് പുറന്തള്ളിയത്. ദശാബ്ദങ്ങളായി ഇവിടെ താമസിച്ച് പാർട്ടിയുടെ ബൂത്ത് ഏജന്റായി പ്രവർത്തിക്കുകയും 2025-ലെ ഡൽഹി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുകയും ചെയ്തിട്ടും ഇവരെ താമസം മാറിയവരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയത്. ആധാർ, റേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഭൂമി രേഖകൾ എന്നിവയ്ക്ക് പുറമെ മാതാപിതാക്കൾ സ്വാതന്ത്ര്യസമര സേനാനികളായിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടായിട്ടും 'ഇനി തങ്ങളെ നുഴഞ്ഞുകയറ്റക്കാർ (ഘുസ്പൈതിയ) എന്ന് വിളിക്കുമോ?' എന്ന് അവർ ചോദിച്ചതായി 'ദ വയർ' റിപ്പോർട്ട് ചെയ്യുന്നു.
2023-ൽ ഈ മേഖലയിൽ നടന്ന കെട്ടിടം പൊളിക്കൽ നടപടികളാണ് നിലവിലെ പരാതികൾക്ക് വഴിവെച്ചതെന്നാണ് വിശദീകരണം. സ്ഥിരതാമസം തെളിയിക്കുന്ന രേഖകൾ ഹാജരാക്കി വോട്ടർ പട്ടികയിലേക്ക് തിരിച്ചെത്താൻ അവസരമുണ്ടെന്ന് ചാന്ദ്‌നി ചൗക്ക് എ.ഇ.ആർ.ഒ സുനിൽ കുമാർ വ്യക്തമാക്കിയതായി വയർ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ പുറത്തുവന്നത് കരട് പട്ടിക മാത്രമാണെന്നും, വാടകക്കരാർ, വൈദ്യുതി അല്ലെങ്കിൽ കുടിവെള്ള ബില്ലുകൾ തുടങ്ങിയ രേഖകൾക്കൊപ്പം 'ഫോം 6' നൽകാൻ പ്രദേശവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ജെ.ജെ ബെല എസ്റ്റേറ്റ് വിജയ്ഘട്ടിലെ 39-കാരനായ കമൽ ലാലിന്റെ പേര് 2025-ലെ പട്ടികയിൽ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെയും 'മാറിത്താമസിച്ചയാൾ' എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. അഞ്ഞൂറിലധികം എസ്.ഐ.ആർ ഫോമുകൾ പൂരിപ്പിക്കാൻ ബി.എൽ.ഒയെ സഹായിക്കുകയും 1961, 1975, 2002, 2025 വർഷങ്ങളിലെ പഴയ വോട്ടർ പട്ടികകൾ ഹാജരാക്കുകയും ചെയ്തിട്ടും 2023-ലെ കെട്ടിടം പൊളിക്കലിനെത്തുടർന്നാണ് പേര് വെട്ടിയതെന്നാണ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണമെന്ന് അദ്ദേഹം പറഞ്ഞു.
താൽക്കാലിക ഷെഡുകളിലും കുടിലുകളിലും കഴിയുന്ന ദരിദ്രരായ ജനങ്ങൾക്ക് താമസരേഖകൾ ഹാജരാക്കാനാവാത്തതിനാൽ വോട്ടവകാശം നഷ്ടപ്പെടുമോ എന്ന കടുത്ത ആശങ്കയാണ് ഉയരുന്നത്. പൊളിച്ചുനീക്കപ്പെട്ട കോളനികളിലെ താമസക്കാർക്ക് 'ഫോം 8' വഴി പേര് ചേർക്കാൻ അവസരമുണ്ടെന്ന് ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർ സെപ്റ്റംബർ 8-ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, സ്ഥലം മാറ്റമോ മറ്റ് കാരണങ്ങളോ കാരണം കരട് പട്ടികയിൽ പേരില്ലാത്തവർ സത്യപ്രസ്താവനയും രേഖകളും സഹിതം 'ഫോം 6' വഴി അപേക്ഷിക്കണമെന്നാണ് ഡെപ്യൂട്ടി സി.ഇ.ഒ പ്രശാന്ത് കുമാർ പ്രസാദ് അറിയിച്ചത്. താമസരേഖകൾ ഹാജരാക്കാൻ ബുദ്ധിമുട്ടുന്നതിനാൽ 2025-ൽ വോട്ട് ചെയ്തവർക്ക് പോലും വോട്ടവകാശം നഷ്ടപ്പെടാൻ ഇടയുണ്ടെന്ന് വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് ചൂണ്ടിക്കാട്ടി. എസ്.ഐ.ആർ നടപടികൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ ഡൽഹിയിൽ നിന്ന് 11 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയിരുന്നതായി അഞ്ജലി ഭരദ്വാജും 'വോട്ടർ അധികാർ മഞ്ചും' പുറത്തുവിട്ട പഠനത്തിൽ പറയുന്നു. സ്വന്തമായി വീടോ നമ്പറോ ഇല്ലാത്തവർക്ക് തൊട്ടടുത്ത വീട്ടുനമ്പറോ അല്ലെങ്കിൽ 'പൂജ്യം' എന്ന നമ്പറോ നൽകാമെന്ന് മുൻപ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാൻ കുമാർ വ്യക്തമാക്കിയിരുന്നു. 2025 ജനുവരിയിലെ പട്ടിക പ്രകാരം 909 പേരുണ്ടായിരുന്ന ഈ ബൂത്തിൽ ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം എസ്.ഐ.ആറിന് മുൻപ് 729 പേരാണുണ്ടായിരുന്നത്.
ഡൽഹിയിലെ കരട് പട്ടികയിലെ ആകെ വോട്ടർമാരുടെ എണ്ണം 1,45,10,299-ൽ നിന്ന് 97,53,577 ആയി ഇടിഞ്ഞിരിക്കുകയാണ്. 47 ലക്ഷത്തിലധികം വോട്ടർമാരെ ഒഴിവാക്കിയതോടെ പട്ടികയിൽ 33 ശതമാനത്തിന്റെ കുറവുണ്ടായി. കരട് പട്ടിക പരിശോധനയുടെ മൂന്നാം ഘട്ടത്തിൽ രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്കിലുള്ള ഒഴിവാക്കൽ രേഖപ്പെടുത്തിയത് ഡൽഹിയിലാണ്. നീക്കം ചെയ്യപ്പെട്ട 47.56 ലക്ഷം വോട്ടർമാരിൽ അധികവും താൽക്കാലിക പാർപ്പിടങ്ങളിൽ താമസിക്കുന്ന, തൊഴിലെടുക്കുന്ന പുരുഷന്മാരാണെന്നാണ് 'ദ വയർ' റിപ്പോർട്ടിലുള്ളത്. ഇതിൽ പൂർവാഞ്ചൽ മേഖലയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെയാണ് ഇത് വലിയ തോതിൽ ബാധിച്ചത്. സംഭവത്തിൽ വിശദീകരണം തേടി ഡൽഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ചോദ്യാവലി നൽകിയിട്ടുണ്ടെന്നും മറുപടി ലഭിക്കുന്ന മുറയ്ക്ക് വാർത്ത പുതുക്കുമെന്നും 'ദ വയർ' വ്യക്തമാക്കിയിട്ടുണ്ട്.





