ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ വിമാനക്കമ്പനികളിലെയും പൈലറ്റുമാർക്ക് സൈക്കോ ആക്ടീവ് ലഹരിപരിശോധന നിർബന്ധമാക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചതായി കഴിഞ്ഞ മാസം വ്യക്തമായതിനെ തുടർന്നാണ് ഈ കർശന നീക്കം. അടുത്ത വർഷം ജൂലൈ മാസത്തിനകം രാജ്യത്തെ എല്ലാ പൈലറ്റുമാരുടെയും പരിശോധനാ നടപടികൾ പൂർത്തിയാക്കണമെന്നാണ് വിമാനക്കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഓഗസ്റ്റ് മാസത്തിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഡി.ജി.സി.എ പുറപ്പെടുവിച്ചത്.
നിലവിൽ രാജ്യത്തെ വിമാനക്കമ്പനികളിലായി ഏകദേശം 14,000 പൈലറ്റുമാർ സേവനമനുഷ്ഠിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഫുക്കറ്റ്–ഡൽഹി വിമാന സർവീസുമായി ബന്ധപ്പെട്ട വിവാദ സംഭവത്തിന് പിന്നാലെയാണ് എല്ലാ കമ്പനികളിലെയും പൈലറ്റുമാർക്ക് ഡി.ജി.സി.എ പരിശോധന നിർബന്ധമാക്കിയത്. എന്നാൽ ഈ നിർദ്ദേശത്തിന് മുൻപ് തന്നെ, എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഉൾപ്പെടുന്ന എയർ ഇന്ത്യ ഗ്രൂപ്പ് തങ്ങളുടെ കീഴിലുള്ള ഏകദേശം 5,000 പൈലറ്റുമാർക്കിടയിൽ സ്വന്തം നിലയ്ക്ക് ഒറ്റത്തവണ റാൻഡം ഡ്രഗ് ടെസ്റ്റ് ആരംഭിച്ചിരുന്നു.
അതേസമയം, വ്യോമയാന മേഖലയിലെ ജീവനക്കാരുടെ ലഹരി ഉപയോഗം തടയുന്നതിനായി കൂടുതൽ കർശനമായ പുതിയ ചട്ടങ്ങളുടെ കരട് രൂപം ഈ മാസം അവസാനത്തോടെ ഡി.ജി.സി.എ പുറത്തുവിട്ടേക്കുമെന്ന് വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു അറിയിച്ചു. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് പ്രതിവർഷം 10 ശതമാനം പൈലറ്റുമാരെ മാത്രമാണ് റാൻഡം പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇതിന് പകരമായി എല്ലാ പൈലറ്റുമാർക്കും വർഷത്തിലൊരിക്കൽ നിർബന്ധിത ഡോപ്പ് ടെസ്റ്റ് ഏർപ്പെടുത്തണമെന്ന് വ്യോമയാന മന്ത്രാലയം ഡി.ജി.സി.എയോട് ആവശ്യപ്പെട്ടതായി കഴിഞ്ഞ മാസം മന്ത്രി വ്യക്തമാക്കിയിരുന്നു.
വ്യോമയാന ജീവനക്കാർക്കിടയിലെ സൈക്കോ ആക്ടീവ് പദാർത്ഥങ്ങളുടെ ഉപയോഗം കണ്ടെത്താനുള്ള ചട്ടങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്താൻ ഡി.ജി.സി.എ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. എന്നാൽ എയർ ഇന്ത്യയിൽ ഉണ്ടായ സംഭവത്തിന് ശേഷം ഡ്രഗ് ടെസ്റ്റിംഗ് സംവിധാനം കൂടുതൽ കർശനമാക്കണമെന്നും, ലഹരി ഉപയോഗം തെളിഞ്ഞാൽ കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നുമുള്ള ആവശ്യങ്ങൾ ശക്തമായി. ഈ ഭേദഗതികൾ സംബന്ധിച്ച ആലോചനകൾ പുരോഗമിക്കുന്നതിനിടയിലാണ്, അടുത്ത 12 മാസത്തിനുള്ളിൽ എല്ലാ എയർലൈൻ പൈലറ്റുമാർക്കും ഒറ്റത്തവണ ഡ്രഗ് ടെസ്റ്റ് പൂർത്തിയാക്കണമെന്ന നിർദ്ദേശം ഡി.ജി.സി.എ ഇപ്പോൾ മുന്നോട്ടുവെച്ചിരിക്കുന്നത്.





