ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാക്കൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് നിരീക്ഷിച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്. അവരാരും സർവ്വതും ഉപേക്ഷിച്ച പുണ്യാത്മാക്കളല്ലെന്നും, തീർച്ചയായും അവർക്ക് രാഷ്ട്രീയപരമായ താല്പര്യങ്ങൾ ഉണ്ടെന്നുതന്നെയാണ് തന്റെ അനുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഖാർ ഗുപ്ത അവതാരകനായ പോഡ്കാസ്റ്റ് അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു വാങ്ചുകിന്റെ ഈ പരാമർശങ്ങൾ.
തങ്ങൾക്ക് രാഷ്ട്രീയപരമായ ലക്ഷ്യങ്ങളുണ്ടെന്ന് അവർ ഇതുവരെ തന്നോട് നേരിട്ട് വ്യക്തമാക്കിയിട്ടില്ലെങ്കിലും അങ്ങനെ തന്നെയാണ് താൻ വിശ്വസിക്കുന്നതെന്ന് വാങ്ചുക് പറഞ്ഞു. രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നതിൽ യാതൊരു അപാകതയുമില്ലെന്നും, ഒന്നിലും ആഗ്രഹമില്ലാത്ത സന്യാസിമാരൊന്നുമല്ല അവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിജീത് ദിപ്കെ നേരത്തെ ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ച പശ്ചാത്തലമുള്ളയാളാണെന്ന് പല വിമർശകരും തന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ മുൻപ് ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നതിൽ തെറ്റൊന്നുമില്ലാത്തതിനാൽ അത്തരം കാര്യങ്ങൾ തന്നെ ബാധിച്ചിരുന്നില്ലെന്നും സോനം വാങ്ചുക് വ്യക്തമാക്കി.





