ന്യൂഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് സർവീസ് നടത്തിയ വിമാനം ആകാശത്തുവെച്ച് പെട്ടെന്ന് താഴേക്ക് പതിച്ച സംഭവത്തിൽ അതീവ നിർണ്ണായകമായ കണ്ടെത്തലുകൾ പുറത്ത്. വിമാനത്തിന് നാല് സെക്കൻഡ് നേരത്തേക്ക് പൂർണ്ണമായും നിയന്ത്രണം നഷ്ടപ്പെട്ടിരുന്നുവെന്നാണ് ബ്ലാക്ക് ബോക്സിലെ വിവരങ്ങൾ വ്യക്തമാക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. പറന്നുയർന്നു നിൽക്കെ പ്രധാന നിയന്ത്രണ സംവിധാനങ്ങൾ പൈലറ്റിന്റെ കമാൻഡുകളോട് പ്രതികരിക്കാതെ വന്നതോടെയാണ് വിമാനം കുത്തനെ താഴേക്ക് പോയത്.
വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളും ഒരേ സമയം പ്രവർത്തനരഹിതമായതാണ് നിയന്ത്രണം പൂർണ്ണമായി കൈവിട്ടുപോകാൻ കാരണമായത്. എലിവേറ്ററുകൾ അടക്കമുള്ള സുപ്രധാന സംവിധാനങ്ങൾ നാല് സെക്കൻഡോളം പൂർണ്ണമായും നിശ്ചലമായിപ്പോയി. വിമാനം താഴേക്ക് പതിക്കാൻ തുടങ്ങിയതോടെ ഓട്ടോ പൈലറ്റ് മോഡ് തനിയെ ഓഫാവുകയായിരുന്നു. ഈ സമയം കോ-പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, നാല് സെക്കൻഡുകൾക്ക് ശേഷം ഹൈഡ്രോളിക് സംവിധാനങ്ങൾ തനിയെ വീണ്ടും പ്രവർത്തനക്ഷമമായതോടെയാണ് വൻ ദുരന്തം ഒഴിവായത്.





