ഇൻഷുറൻസ് പരിരക്ഷയില്ലാത്ത വാഹനങ്ങൾക്ക് ഫ്യുവൽ പമ്പുകളിൽ നിന്ന് ഇന്ധനം വിതരണം ചെയ്യരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഇൻഷുറൻസ് ഇല്ലാതെ വാഹനങ്ങൾ നിരത്തിലിറക്കുന്നത് തടയുന്നതിനും, റോഡപകടങ്ങൾ സംഭവിക്കുമ്പോൾ ഇരകൾക്ക് അതിവേഗം നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പരമോന്നത നീതിപീഠത്തിന്റെ ഈ ഇടപെടൽ. ഈ നിർദ്ദേശത്തെ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഇതുവരെ നിരസിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഷയത്തെക്കുറിച്ച് വിശദമായി പരിശോധിക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകളെ ഇൻഷുറൻസ് വിവരശേഖരവുമായി (ഡാറ്റാബേസ്) ബന്ധിപ്പിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്തി വേഗത്തിൽ പിഴ ചുമത്താൻ ഇത് സഹായകരമാകും. കൂടാതെ, ട്രാഫിക് പോലീസിന് വാഹനങ്ങളുടെ ഇൻഷുറൻസ് വിവരങ്ങൾ പരിശോധിക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ ലഭ്യമാക്കണമെന്നും നീതിപീഠം ആവശ്യപ്പെട്ടു.





