പട്‌ന: ബിഹാറിലെ ഗയ ജില്ലയിലുള്ള സിമുവാര മിഡിൽ സ്‌കൂളിലെ 6 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പ്രാഥമിക സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി പ്രതിഷേധ റാലി നടത്തി. സ്കൂളിൽ നിന്നും ഏകദേശം 4 കിലോമീറ്ററോളം നടന്ന് തേക്കാരി എസ്.ഡി.എം ഓഫീസിലെത്തിയ വിദ്യാർത്ഥികൾ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെടുകയായിരുന്നു.
വിഷയത്തിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതിനോടൊപ്പം സ്കൂളിലെ ജീവനക്കാർക്ക് അധികൃതർ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. 24 മണിക്കൂറിനകം തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെങ്കിൽ, പ്രക്ഷോഭം നടന്ന ദിവസത്തെ അധ്യാപകരുടെ വേതനം വെട്ടിക്കുറയ്ക്കുമെന്ന കടുത്ത മുന്നറിയിപ്പും നോട്ടീസിലുണ്ട്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ ഓഫീസിന് മുൻപിൽ കുട്ടികൾ നടത്തിയ കുത്തിയിരിപ്പ് സമരത്തിന്റെ ദൃശ്യങ്ങൾ നിലവിൽ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മയില്ലായ്മ, കുടിവെള്ള ലഭ്യതക്കുറവ്, ശൗചാലയം, വൈദ്യുതി, ക്ലാസ് മുറികളിലെ ഫാനുകൾ, യൂണിഫോം ലഭ്യത, അധ്യാപകരുടെ എണ്ണക്കുറവ് തുടങ്ങി നിരവധി അടിയന്തിര വിഷയങ്ങളാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാണിച്ചത്. കുട്ടികളുടെ ന്യായമായ ആവശ്യങ്ങൾ മനസ്സിലാക്കിയ തേക്കാരി എസ്.ഡി.എം പ്രവീൺ കുന്തൻ, കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി മൂന്നംഗ അന്വേഷണ സമിതിയെ ചുമതലപ്പെടുത്തി.





