ന്യൂഡൽഹി: കോൺഗ്രസ്, ബി.ജെ.പി എന്നീ പ്രമുഖ പാർട്ടികൾക്കെതിരെ രൂക്ഷവിമർശനവുമായി വിദ്യാഭ്യാസ പ്രവർത്തക ഗീതാഞ്ജലി അങ്മോ. ഇരു പാർട്ടികളുടെയും കൊടികൾ മാത്രമാണ് വ്യത്യസ്തമെന്നും എന്നാൽ അവരുടെ പ്രവർത്തനരീതികൾ ഒന്നുതന്നെയാണെന്നും അവർ ചൂണ്ടിക്കാട്ടി. മുൻപ് ബി.ജെ.പി തങ്ങളെ ചൈനീസ് ഏജന്റുകളെന്നും രാജ്യദ്രോഹികളെന്നും മുദ്രകുത്തിയെങ്കിൽ, അവരുടെ പ്രതിഷേധത്തെ വിമർശിച്ചതിന് തങ്ങളെ 'സംഘികൾ' എന്ന് വിളിച്ച് അധിക്ഷേപിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് ഗീതാഞ്ജലി ആരോപിച്ചു. രാജ്യത്തിന് കേവലമൊരു ഭരണമാറ്റമല്ല, മറിച്ച് രാഷ്ട്രീയ സംസ്കാരത്തിലാണ് മാറ്റം ഉണ്ടാകേണ്ടതെന്നും വിയോജിപ്പുകളെ അധിക്ഷേപങ്ങളിലൂടെയല്ല സംവാദങ്ങളിലൂടെയാണ് നേരിടേണ്ടതെന്നും 'എക്സ്' (X) പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ച കുറിപ്പിൽ അവർ വ്യക്തമാക്കി.
സോനം വാങ്ചുക്ക് തടങ്കലിലായ വേളയിൽ ബി.ജെ.പി ഐ.ടി സെൽ തങ്ങളെ ദേശവിരുദ്ധരെന്നും വിദേശ ധനസഹായം കൈപ്പറ്റുന്നവരെന്നും ചൈനീസ് ഏജന്റുമാരെന്നും തുടങ്ങി ആരോപിക്കാവുന്ന എല്ലാവിധ വ്യാജമുദ്രകളും ചാർത്തിത്തന്നതായി ഗീതാഞ്ജലി പറഞ്ഞു. എന്നാൽ, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച സമരം ആത്മാർത്ഥതയില്ലാത്തതാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ, കോൺഗ്രസ് അനുകൂലികൾ തങ്ങളെ 'സംഘികൾ' എന്നും ബി.ജെ.പി-ആർ.എസ്.എസ് ദല്ലാളന്മാർ എന്നും വിളിക്കുകയാണെന്ന് അവർ കൂട്ടിച്ചേർത്തു. വെവ്വേറെ കൊടികളാണെങ്കിലും ഇവരുടെയൊക്കെ സമീപനങ്ങൾ സമാനമാണ്. നിലവിലെ രാഷ്ട്രീയ സംസ്കാരം പൂർണമായും ജീർണ്ണിച്ച അവസ്ഥയിലാണ്. ഇന്ത്യയ്ക്ക് കേവലം ഭരണാധികാരികളുടെ മാറ്റമല്ല ആവശ്യം, രാഷ്ട്രീയത്തിന്റെ അടിസ്ഥാനപരമായ ശൈലി തന്നെയാണ് മാറേണ്ടത്. എതിരഭിപ്രായങ്ങളെ അപരവൽക്കരിക്കാതെ സംവാദത്തിലൂടെ നേരിടുന്ന സംസ്കാരമാണ് വളർന്നുവരേണ്ടത്. ദേശസ്നേഹം അളക്കേണ്ടത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിനോടുള്ള കൂറ് നോക്കിയല്ല, മറിച്ച് സത്യസന്ധത മുൻനിർത്തിയാണ്. സത്യത്തിന് വിലകൽപ്പിക്കുന്ന രാഷ്ട്രീയ സംസ്കാരമാണ് രാജ്യത്തിന് അനിവാര്യമെന്നും ഗീതാഞ്ജലി അങ്മോ വ്യക്തമാക്കി.





