ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിൽ പൊലീസ് സ്വീകരിച്ച നടപടികളിൽ സുപ്രീംകോടതിയുടെ കടുത്ത വിമർശനം. സമാധാനപൂർവം പ്രതിഷേധം സംഘടിപ്പിക്കാൻ ഓരോ പൗരനും അർഹതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ ഈ സ്വാതന്ത്ര്യം ഹനിക്കാൻ സാധിക്കില്ലെന്നും പൊലീസിന്റെ അമിതമായ അധികാരപ്രയോഗം അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി ഊന്നിപ്പറഞ്ഞു.
സമരങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിൽ കൃത്യമായ ഒരു ഏകീകൃത പ്രോട്ടോക്കോൾ കൊണ്ടുവരേണ്ടതുണ്ട്. സമരങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യം ഉണ്ടെങ്കിൽ പൊലീസ് അത് തിരിച്ചറിയണം. എന്നാൽ സമരം നടക്കുന്നു എന്നതിന്റെ പേരിൽ ഉടൻതന്നെ ലാത്തിച്ചാർജ് നടത്തേണ്ടതില്ല. പൊലീസ് ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ അച്ചടക്കം കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി കൂട്ടിച്ചേർത്തു. ജന്തർമന്തറിൽ വിദ്യാർത്ഥികൾക്ക് നേരെ അരങ്ങേറിയ പൊലീസ് അതിക്രമങ്ങളെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഈ ഇടപെടൽ. യാതൊരുവിധ അക്രമവുമില്ലാതെ നടത്തിയ മാർച്ചിലേക്ക് പൊലീസുകാർ ലാത്തിച്ചാർജും കണ്ണീർപ്രയോഗവും നടത്തിയെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അടിച്ചമർത്തലുകൾ അന്വേഷണ വിധേയമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സമരം ചെയ്ത പെൺകുട്ടികളെ പുരുഷ പൊലീസുകാർ കയ്യേറ്റം ചെയ്തെന്നും, പെല്ലറ്റ് ഗൺ പോലുള്ള ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചെന്നും ഉള്ള ഗുരുതര വിവരങ്ങളും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻപ് ,ഹർജികൾ പരിഗണിക്കണമെന്നും , സമരക്കാർ പുറത്തുവിട്ട ദൃശ്യങ്ങൾ കാണണമെന്നും ആവശ്യപ്പെട്ടപ്പോൾ തനിക്ക് അതിനുള്ള സമയമില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. എന്നാൽ കൃത്യമായ രേഖകളോടുകൂടിയ ഹർജി ഇല്ലാത്തതുകൊണ്ടാണ് താൻ ആ സമയം അത് പരിഗണിക്കാതിരുന്നതെന്ന വിശദീകരണവും ചീഫ് ജസ്റ്റിസ് നൽകിയിരുന്നു.





