രാജ്യസഭയിൽ ശക്തമായ നിലപാടുമായി ഇടതുപക്ഷ എം.പിമാർ രംഗത്ത്. ഡൽഹിയിൽ വിദ്യാർഥികൾക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തെ ഇടതുപക്ഷ അംഗങ്ങൾ സഭയിൽ ചോദ്യം ചെയ്തു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും എന്നാൽ അവിടെ യുവാക്കളുടെ രക്തമാണ് വീണതെന്നും ഡോ. ജോൺ ബ്രിട്ടാസ് എം.പി രാജ്യസഭയിൽ വ്യക്തമാക്കി. ഇതിനിടെ, വിദ്യാർഥികളോട് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടു.
അതേസമയം, പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. സഭയിൽ പ്രതിഷേധം നിലനിൽക്കെ ജിതേന്ദ്ര സിങ്ങാണ് ഈ ബിൽ അവതരിപ്പിച്ചത്. പൊതുപരീക്ഷ ഭേദഗതി ബില്ലാണ് അദ്ദേഹം മേശപ്പുറത്ത് വെച്ചത്. ഡൽഹിയിൽ വിദ്യാർഥികൾക്ക് എതിരെയുണ്ടായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഔദ്യോഗിക പ്രസ്താവന വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തു.





