അഹില്യനഗർ: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥിനി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹില്യനഗർ ജില്ലയിലുള്ള ജലാൽപൂർ ഗ്രാമത്തിലെ അങ്കിത സാംഗ്ലേയാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെയാണ് പെൺകുട്ടിയെ സ്വന്തം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്നും മറാത്തി ഭാഷയിലെഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് വീണ്ടെടുത്തിട്ടുണ്ട്. നീറ്റ് പരീക്ഷയിൽ 166 മാർക്ക് മാത്രമാണ് അങ്കിതയ്ക്ക് നേടാനായത്. ഇതിനെത്തുടർന്ന് കുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് വീട്ടുകാർ അറിയിച്ചു.
"എന്നെ നിങ്ങൾ ഒരുപാട് സ്നേഹിച്ചിരുന്നു. എങ്കിലും നിങ്ങളുടെ ഒരു ആഗ്രഹം പോലും നിറവേറ്റാൻ എനിക്കായില്ല. എല്ലാ പ്രയാസങ്ങളിലും ഒരടുത്ത കൂട്ടുകാരിയെപ്പോലെ അമ്മ ഒപ്പം നിന്നു. ദാദയും (സഹോദരൻ) എന്നെ വലിയ രീതിയിൽ പിന്തുണച്ചു. അമ്മയെക്കാളും അച്ഛനേക്കാളും എന്നെ സ്നേഹിച്ചത് നീയാണ്. എന്റെ ആത്മഹത്യയ്ക്ക് നിങ്ങളാരും ഉത്തരവാദികളല്ല. ഞാൻ നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുമ്പോൾ എനിക്കായി നിങ്ങൾ എല്ലാം ത്യജിച്ചുവെങ്കിലും ഞാൻ തോറ്റുപോയി, നിങ്ങളുടെ സ്വപ്നം പൂർത്തിയാക്കാൻ എനിക്ക് സാധിച്ചില്ല", എന്നാണ് പെൺകുട്ടിയുടെ കത്തിലുള്ളത്.
മാതാപിതാക്കളെ നന്നായി നോക്കണമെന്നും അവർക്ക് യാതൊരു കുറവും വരുത്തരുതെന്നും സഹോദരനോട് കത്തിലൂടെ പെൺകുട്ടി അഭ്യർത്ഥിക്കുന്നുണ്ട്. വിഷയത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
(ജീവിതത്തിലെ പ്രയാസങ്ങൾക്ക് ആത്മഹത്യയല്ല പരിഹാരം. കടുത്ത സമ്മർദ്ദങ്ങൾ അതിജീവിക്കാൻ ബുദ്ധിമുട്ട് തോന്നുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. നിങ്ങളുടെ ആശങ്കകൾ പങ്കുവെക്കാൻ 1056 എന്ന നമ്പറിൽ ബന്ധപ്പെടുക)





