ജനങ്ങൾക്കായി തുറന്ന് കൊടുത്ത് 13 ദിവസങ്ങൾ പിന്നിടുമ്പോൾ, 4,200 കോടി രൂപ ചെലവിൽ നിർമ്മിച്ച ലഖ്‌നൗ-കാൺപൂർ എക്‌സ്പ്രസ്‌വേ തകർന്ന നിലയിൽ. റോഡിലുണ്ടായ വിള്ളലുകളുടെ വീഡിയോ ദൃശ്യങ്ങൾ സമാജ്‌വാദി പാർട്ടി നേതാവ് മധുസൂദൻ യാദവാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുകൊണ്ടുവന്നത്. ശക്തമായ മഴയെ തുടർന്നാണ് പുതിയതായി തുറന്ന എക്‌സ്പ്രസ്‌വേയുടെ വിവിധ ഭാഗങ്ങളിൽ വിള്ളലുകൾ രൂപപ്പെട്ടത്.
സംഭവത്തെത്തുടർന്ന് നിർമ്മാണ ഏജൻസി അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, പദ്ധതിയുടെ നിർമ്മാണ നിലവാരത്തെക്കുറിച്ച് ഗുരുതരമായ സംശയങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ കനത്ത മഴയാണ് ഈ നാശനഷ്ടങ്ങൾക്ക് കാരെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
കഴിഞ്ഞ ജൂലൈ 13-നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവർ ചേർന്ന് ഈ പാത ഉദ്ഘാടനം ചെയ്തത്. ഇതിനു പിന്നാലെയുണ്ടായ മഴയിലാണ് എക്സ്പ്രസ്‌വേയുടെ ഭാഗങ്ങൾ ഇടിഞ്ഞുതാഴ്ന്നത്. കൊരാരി ഗ്രാമത്തിന് സമീപത്തായി അഞ്ച് മുതൽ ഏഴ് മീറ്റർ വരെ നീളമുള്ള പ്രദേശത്താണ് വിള്ളലുകൾ കണ്ടെത്തിയത്.
നവീകരിച്ച ലഖ്‌നൗ-കാൺപൂർ എക്സ്പ്രസ് വേയിലൂടെ സഞ്ചരിക്കവെ കെരാരി ഭാഗത്തുവെച്ചാണ് റോഡ് വിണ്ടുകീറിയതായി താൻ കണ്ടതെന്നാണ് മധുസൂദനൻ യാദവ് വ്യക്തമാക്കുന്നത്. എന്നാൽ ഈ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ബന്ധപ്പെട്ട അധികാരികൾ ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.





