Malayali Media
India

നിരാഹാരം അവസാനിപ്പിച്ചിട്ടും പൊലീസിന്റെ കടുത്ത നിയന്ത്രണം; എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നതെന്ന് സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി

Admin User25 Jul 20263 views 3 min read
നിരാഹാരം അവസാനിപ്പിച്ചിട്ടും പൊലീസിന്റെ കടുത്ത നിയന്ത്രണം; എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നതെന്ന് സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി
Advertisement

ന്യൂഡൽഹി: നിരാഹാര സമരം പൂർത്തിയാക്കിയിട്ടും സോനം വാങ്ചുക്ക് ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണോ എന്ന സംശയം പ്രകടിപ്പിച്ച് ഭാര്യ ഗീതാഞ്ജലി അങ്‌മോ. ആശുപത്രി കവാടത്തിലും ലിഫ്റ്റിലും വാങ്ചുക്ക് ചികിത്സയിൽ കഴിയുന്ന ഐസിയുവിന് മുന്നിലും പൊലീസ് കാവലിലാണെന്നും, അദ്ദേഹത്തെ കാണേണ്ടവരെയും കാണേണ്ടാത്തവരെയും തീരുമാനിക്കുന്നത് പൊലീസാണെന്നും ഗീതാഞ്ജലി കുറ്റപ്പെടുത്തി. വാങ്ചുക്ക് തടങ്കലിലല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ ഏത് അധികാരത്തിലാണ് പൊലീസ് ഇങ്ങനെ പെരുമാറുന്നതെന്ന് 'എക്‌സ്' പ്ലാറ്റ്‌ഫോമിലൂടെ അവർ ചോദ്യമുന്നയിച്ചു.

സഫ്ദർജംഗിലും തുടർന്ന് ഇപ്പോൾ മെദാന്തയിലും പൊലീസിന്റെ സാന്നിധ്യമുണ്ട്. പ്രധാന പ്രവേശന കവാടത്തിലും റിസപ്ഷനിലും ലിഫ്റ്റുകളിലും വാങ്ചുക്കിന്റെ ഐസിയുവിന് പുറത്തും പൊലീസുകാരുണ്ട്. ആർക്കൊക്കെ അദ്ദേഹത്തെ സന്ദർശിക്കാം എന്ന് തിരുമാനിക്കുന്നത് അവരാണ്. അദ്ദേഹം തടങ്കലിലല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ പൊലീസ് എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നത്? ഒരു പ്രബുദ്ധ ജനാധിപത്യ ഭരണസംവിധാനത്തിൽ പൗരന്മാരെ സംരക്ഷിക്കുകയും നിയമം നടപ്പിലാക്കുകയാണോ, അതോ ഭരണാധികാരികൾക്ക് വേണ്ടി പൗരന്മാരെ നിയന്ത്രിക്കുകയാണോ പൊലീസിന്റെ ജോലി എന്ന് ഓരോ ഇന്ത്യക്കാരനും സ്വയം ചോദിക്കണമെന്ന് ഗീതാഞ്ജലി പറഞ്ഞു.

സത്യാഗ്രഹം അവസാനിപ്പിച്ചതിന് പിന്നാലെ ഉയര്‍ന്ന വിമർശനങ്ങൾക്കും അവർ ശക്തമായ മറുപടി നൽകി. വാങ്ചുക്കിനെ കുറ്റപ്പെടുത്താൻ തിടുക്കം കാണിക്കുന്നതിന് മുൻപ്, വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് അപ്പുറമുള്ള പൊതുലക്ഷ്യത്തിനായി 26 ദിനങ്ങൾ നീണ്ടുനിന്ന നിരാഹാര സമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ശ്രമിക്കണമെന്ന് ഗീതാഞ്ജലി ആവശ്യപ്പെട്ടു. സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് ത്യാഗത്തിന്റെ പാത തെരഞ്ഞെടുത്തതു മൂലം 11 കിലോ ശരീരഭാരം കുറഞ്ഞ് അദ്ദേഹം ഇപ്പോൾ ഐസിയുവിൽ കഴിയുകയാണ്. നിങ്ങളുടെ പ്രതീക്ഷകളും രാഷ്ട്രീയ കാഴ്ചപ്പാടുകളും അദ്ദേഹത്തിന് മേൽ അടിച്ചേൽപ്പിക്കുന്നതിന് മുൻപ് അല്പം കരുണ കാണിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. സർക്കാരുമായി രഹസ്യ ധാരണയുണ്ടാക്കിയാണ് സമരം അവസാനിപ്പിച്ചതെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെ വാങ്ചുക്കും രംഗത്തെത്തിയിരുന്നു. തന്റെ സത്യസന്ധത ബോധ്യപ്പെടുത്താൻ 26 ദിവസത്തെ കഠിനമായ നിരാഹാരം തികയില്ലേ എന്നാണ് അദ്ദേഹം വൈകാരികമായി ചോദിച്ചത്.

Advertisement

Comments

Add a Comment

Our Channels

നിരാഹാരം അവസാനിപ്പിച്ചിട്ടും പൊലീസിന്റെ കടുത്ത നിയന്ത്രണം; എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നതെന്ന് സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി | Malayali Media