ന്യൂഡൽഹി: രാജ്യത്തെ യുവാക്കളെയല്ല, മറിച്ച് വ്യാജ സർട്ടിഫിക്കറ്റുകളുമായി നിയമമേഖലയിലേക്ക് എത്തുന്നവരെയാണ് താൻ 'പാറ്റകൾ' എന്ന് അഭിസംബോധന ചെയ്തതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. രാജ്യത്തെ യുവതലമുറയോട് തനിക്ക് ആഴത്തിലുള്ള ബഹുമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ന്യൂ ഇന്ത്യൻ എക്‌സ്പ്രസി'ന് നൽകിയ അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസിന്റെ ഈ പ്രതികരണം.
വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് പിൻവാതിലിലൂടെ അഭിഭാഷകവൃത്തിയിലേക്ക് കടന്നുവരുന്നവരെക്കുറിച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വ്യാജ നിയമബിരുദങ്ങൾ തടയുന്നതിനെയും ഈ മേഖലയെ എങ്ങനെ ശുദ്ധീകരിക്കാം എന്നതിനെയും കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് താൻ ഇത്തരമൊരു പരാമർശം നടത്തിയതെന്നും അദ്ദേഹം കൂട്ടിപ്പകർന്നു.
നിരവധി യുവാക്കൾ തന്ന കാണാൻ വരാറുണ്ടെന്നും അവരിൽ നിന്ന് ലഭിക്കുന്ന ഊർജമാണ് തനിക്ക് മുൻപോട്ടുപോകാനുള്ള പ്രേരണയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രാജ്യത്തെ ഏതൊരു പൗരനും സുപ്രീംകോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നുകിടക്കുകയാണെന്നും, ഭരണഘടനാ തത്വങ്ങളും നിയമവും മുൻനിർത്തി അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു.
മെയ് 15-നായിരുന്നു രാജ്യത്തെ യുവാക്കളെ പാറ്റകളോട് ഉപമിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് നടത്തിയ പ്രസ്താവന വലിയ വിവാദമായതും, തുടർന്ന് ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന് 'കോക്രോച്ച് ജനതാ പാർട്ടി' രൂപീകരിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിച്ചതും. യുവാക്കൾ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളോ ആർ.ടി.ഐ പ്രവർത്തകരോ ആയി മാറി നിലവിലുള്ള വ്യവസ്ഥിതിയെ ആക്രമിക്കുകയാണെന്നും, അവർ സമൂഹത്തിൽ പാറ്റകളെയും പരാന്നഭോജികളെയും പോലെയാണെന്നുമായിരുന്നു അന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത്. എന്നാൽ വിഷയം വിവാദമായതോടെ, താൻ പറഞ്ഞ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.





