ബെംഗളൂരു: കർണാടകയിലെ ബണ്ട്‌വാളിൽ യുവതിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. ഒഡിൽനാല സ്വദേശിയായ ചേതനെയാണ് എലിവിഷം കഴിച്ച നിലയിൽ പൊലീസ് കണ്ടെത്തിയത്. അവശനിലയിലായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കക്കേപദവ് സ്വദേശിയും സ്വകാര്യ നഴ്സിങ് ഹോം ജീവനക്കാരിയുമായ ലാവണ്യയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബണ്ട്‌വാൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന യുവതിക്ക് നേരെ പ്രതി മൂർച്ചയേറിയ ആയുധവുമായി പാഞ്ഞടുക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥം ഓടിയ ലാവണ്യയെ പിന്തുടർന്ന് ചേതൻ തുടരെ വെട്ടുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന് കിടന്നിരുന്ന യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലാവണ്യയുടെ അകന്ന ബന്ധു കൂടിയാണ് പ്രതിയായ ചേതൻ. ഇയാൾ ലാവണ്യയോട് നിരന്തരം പ്രണയാഭ്യർത്ഥന നടത്തിയിരുന്നതായും, എന്നാൽ യുവതി ഇത് നിരസിച്ചതിലുള്ള വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.



