Malayali Media
Education

ലൈംഗികാതിക്രമ കേസുകളിലെ വിചാരണയിൽ അതീവ ജാഗ്രത വേണം: ജഡ്ജിമാർക്ക് ദേശീയ ജുഡീഷ്യൽ അക്കാദമിയുടെ സുപ്രധാന നിർദേശങ്ങൾ

04 Aug 20261 views 3 min read
ലൈംഗികാതിക്രമ കേസുകളിലെ വിചാരണയിൽ അതീവ ജാഗ്രത വേണം: ജഡ്ജിമാർക്ക് ദേശീയ ജുഡീഷ്യൽ അക്കാദമിയുടെ സുപ്രധാന നിർദേശങ്ങൾ
Advertisement

ന്യൂഡൽഹി: ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുമ്പോഴും വിധി തയാറാക്കുമ്പോഴും ജഡ്ജിമാർ പാലിക്കേണ്ട സുപ്രധാന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദേശീയ ജുഡീഷ്യൽ അക്കാദമി. വിധിന്യായങ്ങളിലെ നിഗമനങ്ങൾ കൃത്യമായ തെളിവുകളുടെ വെളിച്ചത്തിൽ മാത്രമായിരിക്കണമെന്നും, ഇരയുടെ പെരുമാറ്റത്തെയോ സ്വഭാവത്തെയോ മുൻവിധികളോടെ സമീപിക്കരുതെന്നും നിർദേശത്തിൽ എടുത്തുപറയുന്നു.

സ്വന്തം ധാർമ്മിക ചിന്തകളോ ഊഹങ്ങളോ തീരുമാനങ്ങളെ സ്വാധീനിക്കരുത്. നിയമപരമായ പദപ്രയോഗങ്ങളും നിർവചനങ്ങളും ഉപയോഗിക്കുമ്പോൾ കടുത്ത ശ്രദ്ധ പുലർത്തണം. വിധിന്യായങ്ങളിൽ പഴയകാല ധാർമ്മിക സങ്കൽപ്പങ്ങളോ പുരുഷാധിപത്യ ചിന്തകളോ പ്രതിഫലിക്കാൻ പാടില്ല. വ്യക്തിയുടെ സ്വയംഭരണത്തിനും ആത്മാഭിമാനത്തിനും പ്രഥമ പരിഗണന നൽകണം. ഇരകൾ നേരിട്ട മാനസികാഘാതം തികച്ചും ഉൾക്കൊള്ളുന്ന ഭാഷയായിരിക്കണം ഉപയോഗിക്കേണ്ടത്. "ഇരകൾ ഇന്ന രീതിയിൽ മാത്രമേ പെരുമാറാവൂ" എന്ന തെറ്റായ മുൻവിധികൾ അരുത്. വിധികളിലെ ഭാഷ മാന്യവും ലിംഗസമത്വം കാത്തുസൂക്ഷിക്കുന്നതുമായിരിക്കണം.

ഇരകളും സാക്ഷികളും ദിനംമുഴുവൻ കോടതി ഇടനാഴികളിൽ കാത്തുനിൽക്കേണ്ടിവരുന്ന സ്ഥിതിവിശേഷം ഒഴിവാക്കണം. ഇരകൾക്ക് ആവശ്യമായ നിയമസഹായവും സർക്കാരിൽ നിന്നുള്ള സാമ്പത്തിക പിന്തുണയും ഉറപ്പാക്കേണ്ടതുണ്ട്.

ക്രോസ് വിസ്താരത്തിനിടെ ഇരയുടെ മുൻകാല വ്യക്തിഗത ലൈംഗിക ചരിത്രത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ അനുവാദം നൽകരുത്. പ്രസക്തമല്ലാത്ത ചോദ്യങ്ങളിൽ നിന്നും അതിജീവിതർക്ക് കോടതി സംരക്ഷണം നൽകണം. ഇത്തരം കേസുകളിലെ വിചാരണ അടച്ചിട്ട മുറിയിൽ (ഇൻ-ക്യാമറ) നടപ്പാക്കണം. ഭയരഹിതമായി മൊഴി നൽകുന്നതിനായി ഓൺലൈൻ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താവുന്നതാണ്. അതിജീവിതയ്ക്ക് 18 വയസ്സിൽ താഴെയാണെങ്കിൽ 'കുട്ടി' എന്ന് തന്നെ വിശേഷിപ്പിക്കുകയും നിയമം ഉറപ്പുനൽകുന്ന എല്ലാവിധ ആനുകൂല്യങ്ങളും സുരക്ഷയും നൽകുകയും വേണം. വിധിയിൽ 'ഇര' എന്നോ 'അതിജീവിത' എന്നോ ഉപയോഗിക്കാവുന്നതാണ്. കുട്ടികൾ ഉൾപ്പെടുന്ന കേസുകളിൽ അനാവശ്യ സന്മാർഗ ഉപദേശങ്ങൾ നൽകുന്നത് ഒഴിവാക്കണം. കൂടാതെ, ഇരകളുടെ മാനസികാവസ്ഥ കൂടി ന്യായാധിപന്മാർ പരിഗണിക്കേണ്ടതുണ്ടെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

Tags:#supreme court#sexual assault case court procedure guideline
Advertisement

Comments

Add a Comment

Our Channels

ലൈംഗികാതിക്രമ കേസുകളിലെ വിചാരണയിൽ അതീവ ജാഗ്രത വേണം: ജഡ്ജിമാർക്ക് ദേശീയ ജുഡീഷ്യൽ അക്കാദമിയുടെ സുപ്രധാന നിർദേശങ്ങൾ | Malayali Media