Malayali Media
Education

ചോദ്യപേപ്പർ മാറി നൽകി; പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയായുള്ള പിഎസ്‌സി പ്രാഥമിക പരീക്ഷ അവസാനനിമിഷം റദ്ദാക്കി

ലാസ്റ്റ് ഗ്രേഡ് സർവന്റ്, സ്റ്റോർമാൻ എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് അവസാനനിമിഷം റദ്ദാക്കിയത്.

18 Jul 20264 views 3 min read
ചോദ്യപേപ്പർ മാറി നൽകി; പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയായുള്ള പിഎസ്‌സി പ്രാഥമിക പരീക്ഷ അവസാനനിമിഷം റദ്ദാക്കി
Advertisement

പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്കായി പിഎസ്‌സി നടത്താനിരുന്ന പ്രാഥമിക പരീക്ഷകൾ മാറ്റിവെച്ചു. ലാസ്റ്റ് ഗ്രേഡ് സർവന്റ്, സ്റ്റോർമാൻ എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് അവസാനനിമിഷം റദ്ദാക്കിയത്. പരീക്ഷാ കേന്ദ്രങ്ങളിൽ ചോദ്യപേപ്പറുകൾ മാറി നൽകിയതാണ് പരീക്ഷ ഒഴിവാക്കാൻ കാരണമായത്. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, ഉച്ചയ്ക്ക് ശേഷം നൽകേണ്ടിയിരുന്ന ചോദ്യപേപ്പർ രാവിലത്തെ സെഷനിൽ വിതരണം ചെയ്യുകയായിരുന്നു.

ആലപ്പുഴയിലെ ഒരു സ്കൂളിലാണ് ചോദ്യപേപ്പർ മാറിയ വിവരം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് മറ്റ് ജില്ലകളിലും ചോദ്യപേപ്പർ മാറിയതായി വ്യക്തമായി. ഉച്ചയ്ക്ക് 1.30 മുതൽ 3.05 വരെ നടക്കേണ്ടിയിരുന്ന പരീക്ഷയാണ് ഇതേത്തുടർന്ന് റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ റദ്ദാക്കിയതെന്നാണ് പിഎസ്‌സി നൽകിയ ഔദ്യോഗിക വിശദീകരണം. എല്ലാ ജില്ലകളിൽ നിന്നും ചോദ്യപേപ്പർ മാറിയതായി വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ, ചോദ്യപേപ്പർ വിതരണത്തിൽ പിഎസ്‌സിക്ക് സംഭവിച്ച വീഴ്ചയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

സംഭവത്തിൽ പിഎസ്‌സി പിന്നീട് വിശദീകരണവുമായി രംഗത്തുവന്നു. കമ്പനി/കോർപ്പറേഷൻ ബോർഡുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ഉൾപ്പെടെയുള്ള പരീക്ഷകളാണ് റദ്ദാക്കിയതെന്നും, ആലപ്പുഴയിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ മാത്രമാണ് ചോദ്യപേപ്പർ മാറിപ്പോയതെന്നുമാണ് പിഎസ്‌സി വ്യക്തമാക്കിയത്. മാറ്റിവെച്ച പരീക്ഷകൾക്കുള്ള പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പിഎസ്‌സിയുടെ വിശദീകരണത്തിൽ പറയുന്നു.

Advertisement

Comments

Add a Comment

Our Channels

ചോദ്യപേപ്പർ മാറി നൽകി; പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയായുള്ള പിഎസ്‌സി പ്രാഥമിക പരീക്ഷ അവസാനനിമിഷം റദ്ദാക്കി | Malayali Media