ഭുവനേശ്വർ: ഒഡീഷയിൽ മെഡിക്കൽ പി.ജി പരീക്ഷ നടന്നുകൊണ്ടിരിക്കെ ചോദ്യപേപ്പർ വാട്‌സ്ആപ്പ് വഴി വ്യാപകമായി പ്രചരിച്ചതായി പരാതി. സംഭവത്തിൽ അധികൃതർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. 2023-26 ബാച്ചിന്റെ തിയറി പരീക്ഷകൾ ജൂലൈ 21-നാണ് ആരംഭിച്ചത്. തുടർന്ന് ജൂലൈ 27-ന് നടന്ന എം.എസ്/എം.ഡി ബാച്ചിന്റെ ജനറൽ സർജറി രണ്ടാം പേപ്പർ പരീക്ഷയുടെ ചോദ്യപേപ്പറാണ് വിദ്യാർത്ഥികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ടത്.
പരീക്ഷ നടക്കുന്നതിനിടയിൽ തന്നെ ചില ഫോൺ നമ്പറുകളിൽ നിന്ന് ചോദ്യങ്ങളുടെ ഉത്തരങ്ങൾ കൈമാറിയതായും വിവരമുണ്ട്. ഭുവനേശ്വറിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയാണ് തനിക്ക് ചോദ്യപേപ്പർ ലഭിച്ച വിവരം അധികൃതരെ അറിയിച്ചത്. ബർഹാംപൂർ എം.കെ.സി.ജി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ വിദ്യാർത്ഥി നിർമ്മിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ എത്തിയതെന്ന് ഈ വിദ്യാർത്ഥി വെളിപ്പെടുത്തി.
സംഭവം വിവാദമായതോടെ ഒഡീഷ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ് വൈസ് ചാൻസലർ മാനസ് രഞ്ജൻ സാഹോ പരീക്ഷ കേന്ദ്രങ്ങളായ മെഡിക്കൽ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ അടിയന്തര വെർച്വൽ യോഗം വിളിച്ചുചേർത്തു. വരും ദിവസങ്ങളിലെ പരീക്ഷകളിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ കർശനമാക്കാൻ യോഗത്തിൽ നിർദ്ദേശം നൽകിയതായി എം.കെ.സി.ജി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഹരേകൃഷ്ണ ദാലൈ വ്യക്തമാക്കി.
"ഇവിടെ നടന്നത് ഒരു ചോദ്യപേപ്പർ ചോർച്ചയല്ല. പരീക്ഷ തുടങ്ങുന്നതിന് മുൻപ് പുറത്തായാൽ മാത്രമേ അതിനെ ചോർച്ച എന്ന് കരുതാൻ കഴിയൂ. ഇതിൽ പരീക്ഷാ ഹാളിനുള്ളിൽ നിന്നാണ് ചോദ്യപേപ്പർ പുറത്തുപോയിരിക്കുന്നത്. കടുത്ത പരിശോധനകൾ നടത്താറുള്ളതിനാലും ഫോണുകൾക്ക് വിലക്കുള്ളതിനാലും ഏത് തരം ഇലക്ട്രോണിക് ഉപകരണമാണ് ഇവർ ഇതിനായി ഉപയോഗിച്ചതെന്നത് അത്ഭുതപ്പെടുത്തുന്നു," എന്ന് ദാലൈ പറഞ്ഞു.



