ബസ്സിൽ വെച്ച് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മുൻ മന്ത്രി വി. ശിവൻകുട്ടിയുടെ മുൻ ഗൺമാൻ പ്രജീഷ് എസ്. നായരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. നിലവിൽ ആംഡ് പോലീസ് ബറ്റാലിയൻ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇയാൾ.
തനിക്കുണ്ടായ ദുരനുഭവം നെടുമങ്ങാട് സ്വദേശിനിയായ യുവതി മൊബൈൽ ഫോണിൽ പകർത്തി ഏതാനും ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ പിന്നീട് നീക്കം ചെയ്തെങ്കിലും സംഭവം ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് വകുപ്പുതലത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു.
തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രജീഷിനെതിരെ സസ്‌പെൻഷൻ നടപടിയുണ്ടായത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തിയാണ് ഇയാളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ, പോലീസ് സേനയുടെ മാന്യതയ്ക്ക് നിരക്കാത്ത തരത്തിലുള്ള ഗുരുതരമായ പെരുമാറ്റദൂഷ്യവും സദാചാര ലംഘനവും ഇയാൾ കാട്ടിയതായി ബോധ്യപ്പെട്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.





