കൊച്ചി: കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ പോലീസിന് മുന്നിൽ കീഴടങ്ങില്ലെന്ന് വ്യക്തമാക്കി പ്രതി അർജുൻ ആയങ്കി വീണ്ടും രംഗത്തെത്തി. സാധ്യമെങ്കിൽ തന്നെ പിടികൂടാൻ പോലീസിനെ വെല്ലുവിളിച്ച അദ്ദേഹം, താൻ ആദ്യം കീഴടങ്ങാനാണ് തീരുമാനിച്ചിരുന്നതെന്നും എന്നാൽ തന്റെ സുഹൃത്തുക്കളുടെ ലൊക്കേഷൻ കണ്ടെത്തി പോലീസ് അവരെ ഭീഷണിപ്പെടുത്തുകയാണെന്നും ആരോപിച്ചു. നിയമപോരാട്ടം ഹൈക്കോടതിയിൽ അവസാനിപ്പിക്കാമെന്നാണ് വിചാരിച്ചതെന്നും എന്നാൽ ഇനി മുൻകൂർ ജാമ്യം സ്വന്തമാക്കിയ ശേഷം മാത്രമേ താൻ പുറത്തുവരൂ എന്നും ആയങ്കി ഭീഷണി മുഴക്കി.
നൽകാനുള്ള മറുപടി കൃത്യസമയത്ത് തന്നെ നൽകുമെന്നും ഇതുപോലെ ഒട്ടനവധി പോലീസുകാരെ താൻ കണ്ടിട്ടുണ്ടെന്നും ആയങ്കി പറയുന്നു. ഊന്നുകൽ സ്റ്റേഷനിലെ എസ്.എച്ച്.ഒയ്ക്കാണ് ഈ ഭീഷണി സന്ദേശം ലഭിച്ചത്. കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കി നൽകിയ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.
