Malayali Media
Business

തുടർച്ചയായ മുന്നേറ്റവുമായി വോഡഫോൺ ഐഡിയ; ഒരു മാസത്തിനിടെ ഓഹരികളിൽ 45 ശതമാനം കുതിപ്പ്

17 Jul 20265 views 3 min read
തുടർച്ചയായ മുന്നേറ്റവുമായി  വോഡഫോൺ ഐഡിയ; ഒരു മാസത്തിനിടെ ഓഹരികളിൽ 45 ശതമാനം കുതിപ്പ്
Advertisement

ഓഹരി വിപണിയിൽ നിക്ഷേപകരുടെ ശ്രദ്ധയാകർഷിച്ച് വോഡഫോൺ ഐഡിയ. തുടർച്ചയായ ഏഴാമത്തെ വ്യാപാര സെഷനിലും മുന്നേറ്റം തുടരുന്ന ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം 45 ശതമാനത്തോളം വളർച്ചയാണ് വോഡഫോൺ ഐഡിയ ഓഹരികൾ കാഴ്ചവെച്ചത്. ദീർഘകാലമായി കാര്യമായ കുതിപ്പുകളില്ലാതിരുന്ന കമ്പനിയുടെ ഓഹരികളിലേക്ക് നിക്ഷേപകർ വീണ്ടും താല്പര്യം കാണിച്ചുതുടങ്ങിയിരിക്കുകയാണ്.

കമ്പനിയുടെ ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വർദ്ധനവാണ് ഓഹരി വിപണിയിലെ ഈ റാലിക്ക് പ്രധാന കാരണം. കഴിഞ്ഞ മൂന്ന് മാസമായി തുടർച്ചയായി പുതിയ സബ്സ്ക്രൈബർമാരെ ചേർക്കാൻ വോഡഫോൺ ഐഡിയയ്ക്ക് സാധിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം ഫെബ്രുവരിയിൽ 21,927-ഉം മാർച്ചിൽ 1.03 ലക്ഷവും ഏപ്രിലിൽ 53,257-ഉം പുതിയ ഉപഭോക്താക്കളാണ് കമ്പനിയുടെ ഭാഗമായത്. വർഷങ്ങളായി കനത്ത കൊഴിഞ്ഞുപോക്ക് നേരിട്ടിരുന്ന കമ്പനിക്ക് ഇത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. അതേസമയം, പ്രധാന എതിരാളികളായ റിലയൻസ് ജിയോയും ഭാരതി എയർടെലും ദശലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെ ഇതേ കാലയളവിൽ ചേർത്തിട്ടുണ്ട്.

നെറ്റ്‌വർക്ക് പ്രശ്നങ്ങൾ, ഫണ്ടിംഗ് പ്രതിസന്ധി, 5ജി സേവനങ്ങൾ ആരംഭിക്കുന്നതിലെ കാലതാമസം എന്നിവയായിരുന്നു മുൻപ് വോഡഫോൺ ഐഡിയയ്ക്ക് തിരിച്ചടിയായിരുന്നത്. ഇത് ഉപഭോക്താക്കൾ മറ്റ് കമ്പനികളിലേക്ക് മാറാൻ കാരണമായി. എന്നാൽ, ഇപ്പോൾ 4ജി നെറ്റ്‌വർക്ക് വിപുലീകരണം വേഗത്തിലാക്കിയതും തിരഞ്ഞെടുത്ത നഗരങ്ങളിൽ 5ജി സേവനങ്ങൾ ലഭ്യമാക്കിത്തുടങ്ങിയതുമാണ് സബ്‌സ്‌ക്രൈബർമാരുടെ എണ്ണം വീണ്ടും വർദ്ധിക്കാൻ സഹായിച്ചത്. ഈ പുതിയ കണക്കുകൾ പുറത്തുവന്നതോടെ കമ്പനിയുടെ പ്രതികൂല സാഹചര്യങ്ങളിൽ വലിയ മാറ്റം വരുമെന്നാണ് വിപണി വിദഗ്ദ്ധർ വിലയിരുത്തുന്നത്.

Advertisement

Comments

Add a Comment

Our Channels

തുടർച്ചയായ മുന്നേറ്റവുമായി വോഡഫോൺ ഐഡിയ; ഒരു മാസത്തിനിടെ ഓഹരികളിൽ 45 ശതമാനം കുതിപ്പ് | Malayali Media