വാഷിങ്ടൺ: എഞ്ചിൻ തകരാറിനെ തുടർന്ന് സ്പേസ് എക്സിന്റെ ഏറ്റവും വലിയ റോക്കറ്റായ സ്റ്റാർഷിപ്പ് വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു. വിക്ഷേപണത്തിന് തൊട്ടുമുൻപ് ചില എഞ്ചിനുകളിൽ തീപടരുകയും പുക നിറയുകയുമായിരുന്നു. ഇതോടെയാണ് ദൗത്യം താത്കാലികമായി നിർത്തിവെക്കാൻ അധികൃതർ തീരുമാനിച്ചത്. തകരാറിലായ എഞ്ചിനുകൾ മാറ്റിസ്ഥാപിച്ച ശേഷം വിക്ഷേപണം വീണ്ടും നടത്തുമെന്നാണ് സ്പേസ് എക്സ് അറിയിച്ചിരിക്കുന്നത്.
ബഹിരാകാശ ദൗത്യത്തിനായി സ്റ്റാർഷിപ്പ് അയക്കുന്നതിന് മുൻപായി തകരാറിലായ രണ്ട് എഞ്ചിനുകൾ മാറ്റുമെന്ന് സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്ക് വ്യക്തമാക്കി. 407 അടി (124 മീറ്റർ) ഉയരമുള്ള സ്റ്റാർഷിപ്പ്, 33 പ്രധാന എഞ്ചിനുകളുള്ള ലോകത്തിലെ ഏറ്റവും വലുതും കരുത്തുറ്റതുമായ റോക്കറ്റാണ്. ഈ റോക്കറ്റിന്റെ പതിമൂന്നാമത്തെ വിക്ഷേപണ ദൗത്യമാണ് ഇപ്പോൾ തടസ്സപ്പെട്ടിരിക്കുന്നത്.
വിക്ഷേപണത്തിന് വെറും മൂന്ന് സെക്കൻഡ് മാത്രം ബാക്കിനിൽക്കെയാണ് എഞ്ചിനുകൾ പണിമുടക്കിയത്. സ്പേസ് എക്സിന്റെ വെബ്കാസ്റ്റ് ഡാറ്റ പ്രകാരം നാല് എഞ്ചിനുകൾ പ്രവർത്തിച്ചിരുന്നില്ല. ഇതോടെ മറ്റ് 29 എഞ്ചിനുകളുടെയും പ്രവർത്തനം അടിയന്തരമായി നിർത്തിവെച്ച് റോക്കറ്റ് പാഡിൽ തന്നെ നിലനിർത്തുകയായിരുന്നു. പൂർണ്ണ സജ്ജമായ ഒരു സ്റ്റാർഷിപ്പ് റോക്കറ്റിന് അവസാന നിമിഷം ഇത്തരമൊരു തടസ്സം നേരിടുന്നത് ആദ്യമായാണ്. വിക്ഷേപണം മാറ്റിവെച്ചതിന് പിന്നാലെ റോക്കറ്റിലെ ഇന്ധനം സംഘം സുരക്ഷിതമായി നീക്കം ചെയ്തു.
