ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ പിഴുതെടുക്കുന്ന ഏറ്റവും പ്രായം കൂടിയ ബൗളറെന്ന അത്യപൂർവ്വ നേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ലെഗ് സ്പിന്നർ ഇമ്രാൻ താഹിർ. കരീബിയൻ പ്രീമിയർ ലീഗിലാണ് (സി.പി.എൽ) ഈ ലോകറെക്കോർഡ് പിറന്നത്. സെയിന്റ് ലൂസിയ കിങ്സിനെതിരായ പോരാട്ടത്തിൽ ഗയാന ആമസോൺ വാരിയേഴ്സ് നിരയിലാണ് താഹിർ ഈ അവിസ്മരണീയ പ്രകടനം പുറത്തെടുത്തത്. 47 വയസ്സും 167 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. 2025-ൽ സ്വന്തം പേരിൽത്തന്നെ കുറിച്ചിരുന്ന മുൻ റെക്കോർഡാണ് താരം ഇതോടെ തിരുത്തിക്കുറിച്ചതും.
നാൽപ്പത് വയസ്സ് പിന്നിട്ട ശേഷം ടി20 ഫോർമാറ്റിൽ നാല് തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഒരേയൊരു ബൗളറെന്ന ബഹുമതിയും ഇമ്രാൻ താഹിറിന് മാത്രമാണ്. ഈ മത്സരത്തിൽ വെറും 17 റൺസ് മാത്രം വിട്ടുകൊടുത്താണ് സെയിന്റ് ലൂസിയ കിങ്സിന്റെ അഞ്ച് മുൻനിര വിക്കറ്റുകൾ താരം എറിഞ്ഞു വീഴ്ത്തിയത്. താഹിറിന്റെ സ്പിൻ കെണിയിൽ വീണ ലൂസിയ കിങ്സ് 119 റൺസിൽ പൂർണ്ണമായും പുറത്തായി. തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗയാന ആമസോൺ വാരിയേഴ്സ് 18.3 ഓവറിൽ അനായാസം വിജയലക്ഷ്യം മറികടന്നു.





