തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ) ഡയറക്ടർ കൂടിക്കാഴ്ച നടത്തി. പി.എം ശ്രീ സ്കൂൾ പദ്ധതിയിൽ കേരളം പങ്കാളികളാകണമെന്ന തങ്ങളുടെ ഉറച്ച നിലപാട് കേന്ദ്ര സർക്കാർ ഒരിക്കൽക്കൂടി വ്യക്തമാക്കി. എസ്.എസ്.കെ മുഖേനയുള്ള കേന്ദ്ര വിഹിതം അനുവദിക്കുന്നതിന് പി.എം ശ്രീ നടപ്പിലാക്കൽ നിർബന്ധമാണെന്ന് കേന്ദ്രം അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സർക്കാരിന് കേന്ദ്രം ഉടൻ തന്നെ പുതിയ കത്ത് നൽകും. പദ്ധതി നടപ്പിലാക്കുന്നതിനുള്ള തുടർനടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടായിരിക്കും കത്ത് അയക്കുക.
വിദ്യാഭ്യാസ അവകാശ നിയമം (ആർ.ടി.ഇ) പ്രകാരമുള്ള പദ്ധതി ഒഴികെയുള്ള എല്ലാ കാര്യങ്ങൾക്കും പി.എം ശ്രീ ബാധകമാണെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. എസ്.എസ്.കെ ഫണ്ട് ഇനത്തിൽ സംസ്ഥാനത്തിന് ഇനി 1500 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ളത്. ഇതിൽ നടപ്പ് വർഷത്തെ വിഹിതമായി ലഭിക്കേണ്ട തുക 350 കോടി രൂപയാണ്.
സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരിട്ട് കത്തയക്കുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്. എസ്.എസ്.കെ ഡയറക്ടറുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്രം ഈ കർശന നിർദ്ദേശം മുന്നോട്ടുവെച്ചത്. ആർ.ടി.ഇ ഒഴികെയുള്ള സമഗ്ര ശിക്ഷാ കേരള പദ്ധതികൾക്കുള്ള സാമ്പത്തിക വിഹിതം അനുവദിക്കുന്നതിന് പി.എം ശ്രീ മാനദണ്ഡമാക്കാൻ തന്നെയാണ് കേന്ദ്ര തീരുമാനം. ഈ പദ്ധതിയിൽ അംഗമാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നേരത്തെയും കേരളത്തിന് ഔദ്യോഗികമായി കത്ത് നൽകിയിരുന്നു.





