തിരുവനന്തപുരം: വിഴിഞ്ഞത്ത് ബോട്ടപകടത്തിൽപ്പെട്ട് കാണാതായ ജോൺ എന്ന മത്സ്യത്തൊഴിലാളിക്കായുള്ള രക്ഷാപ്രവർത്തനം അഞ്ച് ദിവസം പിന്നിട്ടിട്ടും കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. തെരച്ചിലുമായി ബന്ധപ്പെട്ട തങ്ങളുടെ പരാതികളും ആശങ്കകളും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറെ നേരിട്ടറിയിക്കുന്നതിനായി കുടുംബാംഗങ്ങൾ ഫിഷറീസ് ഓഫീസിലെത്തി. തെരച്ചിലിനായി നാവികസേനയുടെ സഹായം അടിയന്തരമായി ലഭ്യമാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. അതേസമയം, കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ ഇന്നത്തെ പരിശോധനകൾ തുടരുമെന്നാണ് വിവരങ്ങൾ.
കോസ്റ്റൽ പൊലീസ് ഇതുവരെ നടത്തിയ തെരച്ചിൽ ശരിയായ രീതിയിലല്ല മുന്നോട്ടുപോയതെന്ന് കാണാതായ ജോണിന്റെ മകൻ കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ ജീവന് അധികൃതർ യാതൊരു വിലയും നൽകുന്നില്ലേയെന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു. പ്രളയമടക്കമുള്ള ദുരന്തങ്ങളുണ്ടാകുമ്പോൾ ഉടൻ തന്നെ മത്സ്യത്തൊഴിലാളികളുടെ സഹായം തേടുന്ന ഭരണകൂടം, തൊഴിലാളികൾക്ക് ഒരു അത്യാഹിതം സംഭവിക്കുമ്പോൾ തിരിഞ്ഞുനോക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീരത്തുനിന്ന് 18 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടമുണ്ടായത്. അതിനാൽ ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ട് നാവികസേനയെ ഉപയോഗിച്ച് തെരച്ചിൽ നടത്തണമെന്ന് മകൻ ആവശ്യപ്പെട്ടു.
വെറും എഫ്.ഐ.ആർ രേഖപ്പെടുത്താൻ വേണ്ടി മാത്രമാണോ കോസ്റ്റ് ഗാർഡ് പ്രവർത്തിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം, തങ്ങൾക്ക് കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി. അപകടമുണ്ടായ ഉടൻ തെരച്ചിൽ ആരംഭിക്കാൻ അധികൃതർ തയ്യാറായില്ല. സഹായത്തിന് വരാമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞിട്ടും അവരെ ഒപ്പം കൂട്ടാൻ അധികൃതർ വിസമ്മതിച്ചു. ഇന്നലെ കാലാവസ്ഥ തെളിഞ്ഞുനിന്നിട്ടും തെരച്ചിൽ ഊർജ്ജിതമാക്കിയില്ലെന്നും, ഒടുവിൽ മത്സ്യത്തൊഴിലാളികൾ സ്വന്തം നിലയ്ക്കാണ് തെരച്ചിൽ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. കടലിലെ ജോലികൾ കടലിന്റെ മക്കളെ തന്നെ ഏൽപ്പിക്കണമെന്നും ജോണിന്റെ മകൻ പറഞ്ഞു.
എം.എൽ.എയെ അടക്കം ബന്ധപ്പെട്ടപ്പോൾ അഞ്ചോ അതിലധികമോ പേർ കടലിൽ അകപ്പെട്ടാൽ മാത്രമേ കേന്ദ്ര സേന തെരച്ചിലിന് ഇറങ്ങുകയുള്ളൂവെന്ന മറുപടിയാണ് ലഭിച്ചതെന്ന് ജോണിന്റെ മകളും വെളിപ്പെടുത്തി. തങ്ങളുടെ വള്ളത്തിനും വലയ്ക്കും പിടിക്കുന്ന മീനിനുമടക്കം സർക്കാർ നികുതി ഈടാക്കുന്നുണ്ടെന്നും, എന്നിട്ടും എന്തുകൊണ്ടാണ് തങ്ങളെ ഇത്രത്തോളം അവഗണിക്കുന്നതെന്നും അവർ ചോദിച്ചു. ഉത്തരവാദപ്പെട്ട ആരും വിഷയം അന്വേഷിക്കാൻ എത്തുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അവർ, പിന്നെ എന്തിനാണ് ഫിഷറീസ് ബജറ്റ് ചെലവഴിക്കുന്നതെന്നും ചോദിക്കുന്നു. അതിനിടെ, ഈ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ഫിഷറീസ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.





