മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ തിരുവല്ലയിലെ നിലവിലെ സാഹചര്യം വളരെആശങ്കാജനകമാണെന്ന് എം.എൽ.എ വർഗീസ് മാമൻ വ്യക്തമാക്കി. ഈ പ്രദേശത്തെ ഒരു പ്രളയബാധിത മേഖലയായി അടിയന്തരമായി പ്രഖ്യാപിക്കുകയും ആവശ്യമായ നടപടികൾ വേഗത്തിൽ കൈക്കൊള്ളുകയും വേണം. സർക്കാരിന്റെ ഭാഗത്തുനിന്നും പ്രത്യേകമായൊരു ഇടപെടലും ശ്രദ്ധയും തിരുവല്ലയ്ക്ക് ഇപ്പോൾ ആവശ്യമുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകൾക്കുള്ളിലേക്ക് പോലും വെള്ളം കയറുന്ന വലിയ പ്രതിസന്ധിയാണുള്ളത്. ചില ക്യാമ്പുകളിൽ ആളുകൾക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചുനൽകാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തിൽ നിലവിൽ ക്യാമ്പുകളിൽ കഴിയുന്നവരെ സുരക്ഷിതമായ മറ്റ് ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടതായി വരുമെന്നും അദ്ദേഹം 'റിപ്പോർട്ടർ' ചാനലിനോട് പ്രതികരിച്ചു.





